കൊല്ലം: നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ... അരുമക്കിളിയേ നേരോ നേരോ
വെറുതേ പുനുതം പറയാതേ... രക്ഷസാക്ഷികൾക്ക് സമർപ്പണമൊരുക്കിയ വിപ്ലവ സിനിമയിലെ വരികളാണിത്. പണ്ട് കൊയ്ത്തൊക്കെ സമൂഹത്തിനുവേണ്ടിയായിരുന്നു. ഇന്നിപ്പോ വിപ്ലവപാർട്ടികൾ പോകുന്നത് കണ്ടാൽ രണസ്മരണകൾ വല്ലാതങ്ങ് രോമാഞ്ചമണിയും.
പറഞ്ഞുവരുന്നത്, ഈയടുത്ത് മൺറോത്തുരുത്തിലെ പട്ടംതുരുത്തിൽ വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട സംഭവമാണ്. പരാതി തീർപ്പാക്കാനാകാതെ ലേബറോഫീസറുടെ മുന്നിലിരിപ്പാണ്. സി.പി.എമ്മിന്റെ ഇഷ്ടത്തിനല്ലാതെ ലേബർ ഓഫീസറെന്ത് ചെയ്യാൻ. പാർട്ടി ജില്ലാ സെക്രട്ടറിയും ഒരക്ഷരം മിണ്ടുന്നുമില്ല.
കടബാദ്ധ്യത താങ്ങാനാകാതെ ജീവനൊടുക്കിയ ആളുടെ മൺറോത്തുരുത്തിലെ വസ്തു വിൽപ്പന തടയാൻ സി.പി.എം നേതാക്കൾ കുടിൽകെട്ടി കൊടിനാട്ടിയിട്ട് നാളുകളായി. പൊലീസിൽ പരാതി നൽകിയപ്പോൾ പേരിന് സി.പി.എം ഏരിയാ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്ത് വിട്ടു. വസ്തുവിൽ മുൻപ് പ്രവർത്തിച്ചിരുന്ന ഓട്ടുകമ്പനിയിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാതെ വസ്തു വിൽക്കാൻ സമ്മതിക്കില്ലെന്നാണ് പാർട്ടി പക്ഷം. തങ്ങൾ കമ്പനി നടത്തിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നാണ് വസ്തു ഉടമ പറയുന്നത്. ഒരു നീക്കുപോക്കൊക്കെ നടത്താൻ വസ്തു ഉടമയും തയ്യാറാവേണ്ടിയിരുന്നു. അതു കൊണ്ടല്ലേ സഖാക്കൾക്ക് ജനകീയ സമരത്തിലേയ്ക്ക് പോകേണ്ടിവന്നത്.
2000ത്തിലാണ് ഒന്നര ഏക്കറോളം ഭൂമി ഇപ്പോഴത്തെ ഉടമ വാങ്ങിയത്. കട ബാദ്ധ്യത താങ്ങാതെ വന്നപ്പോൾ ഉടമയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു. ഉടമയുടെ മകളുടെ കല്യാണം മൂലമുണ്ടായ ബാദ്ധ്യതകൾ തീർക്കാനാണ് വസ്തു വിൽക്കാൻ ഇപ്പോൾ ശ്രമം തുടങ്ങിയത്. പത്ത് സെന്റ് വിറ്റപ്പോഴേയ്ക്കും സി.പി.എം നേതാക്കൾ രംഗത്തെത്തി. വസ്തു അവർ വിറ്റ് കൊടുക്കാമെന്ന് പറഞ്ഞാണ് നേതാക്കൾ സമീപിച്ചതെന്ന് പൊലീസുകാർ തന്നെ പറയുന്നു. കമ്മിഷൻ ഇനത്തിൽ നല്ലൊരു തുക ആവശ്യപ്പെട്ടപ്പോൾ വസ്തു ഉടമ സമ്മതിച്ചില്ല. എങ്കിൽ പിന്നെ വസ്തു വിൽക്കുന്നത് ഒന്ന് കാണണമെന്നായി നേതാക്കൾ. കൊടിനാട്ടി സമരത്തിന് ജനകീയ മുഖം കൊണ്ടുവന്നു. ഒരു സംശയം ബാക്കിയാണ്. ഒരാൾ വസ്തു വാങ്ങിയാൽ നേരത്തെയുണ്ടായിരുന്ന ഉടമയുടെ ബാദ്ധ്യത തീർക്കേണ്ടത് വസ്തു വാങ്ങുന്ന ആളാണോ?. ഓട്ടുകമ്പനി നടത്തിയവരല്ലേ 22 തൊഴിലാളികൾക്ക് ആനുകൂല്യം നൽകേണ്ടിയിരുന്നത്. രണ്ട് പതിറ്റാണ്ട് മുൻപ് ആനുകൂല്യം ലഭിക്കാതെ എന്തിനാണ് പാർട്ടി ആ വസ്തു വിൽക്കാൻ സമ്മതിച്ചത്. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം കിട്ടേണ്ടത് തന്നെയാണ്. ചെങ്കൊടി സാധാരണക്കാരന്റേതെന്നാണ് വിശ്വാസം. രക്തസാക്ഷികൾക്ക് വിളിക്കുന്ന സിന്ദാബാദിൽ നിറയെ വേണം 'സ്വയം കൊയ്ത്തല്ലാത്ത' ആത്മ സമർപ്പണം. എങ്കിലേ രക്തസാക്ഷികൾ വിജയിക്കട്ടേയെന്ന മുദ്രാവാക്യത്തിന് പ്രസക്തി കിട്ടൂ.