തിരുവല്ല: പെരിങ്ങരയിലെ ആരാധനാലയങ്ങളിൽ മോഷണം നടത്തിയ തമിഴ് നാട് സ്വദേശിയെ നാട്ടുകാർ പിടികൂടി. കന്യാകുമാരി ആണ്ടുകോട് സ്വദേശി രഘുമണി (42) യാണ് പിടിയിലായത്. എസ്.എൻ.ഡി.പി.യോഗം പെരിങ്ങര 594-ാം ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിലും തോമാടിയിലും ഗണപതിപുരത്തുമുള്ള കുരിശടികളിലും കോച്ചാരിമുക്കത്തെ ഒരു ചായക്കടയിലുമാണ് ഇന്നലെ പുലർച്ചെ ഇയാൾ മോഷണം നടത്തിയത്. ഗുരുവാണീശ്വരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം എടുക്കുന്നതിനിടെ ശബ്ദംകേട്ടുണർന്ന മേൽശാന്തി ബഹളംവച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാവിലെ ഏഴിന് ചാത്തങ്കരി ജംഗ്ഷന് സമീപമെത്തിയ ഇയാളെ സംശയംതോന്നിയ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷ്ടിച്ച പണം ഇയാൾ പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചിരുന്നു. എണ്ണായിരം രൂപ കണ്ടെടുത്തു. പുളിക്കീഴിൽ മാസങ്ങൾക്ക് മുമ്പ് ഇയാൾ മേസ്തിരിപ്പണി ചെയ്യാൻ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പുളിക്കീഴ് പൊലിസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.