കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് നേരെ കഴിഞ്ഞദിവസം രാത്രി സാമൂഹ്യ വിരുദ്ധർ അക്രമം നടത്തി. ഒ.പി വിഭാഗത്തിലെ വാതിലിന്റെ ചില്ല് അക്രമികൾ തകർത്തു. ഹോസ്പിറ്റൽ കോമ്പൗണ്ടിനുള്ളിലെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അധികൃതർ പരാതിപ്പെട്ടതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. നേരത്തെയും സാമൂഹ്യ വിരുദ്ധർ ഹോസ്പിറ്റലിന്റെ പരിസരങ്ങളിൽ മാലിന്യം വലിച്ചെറിയുകയും കോമ്പൗണ്ടിലെ വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ജീവനക്കാർക്കെതിരെ അസഭ്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. മെഡിക്കൽ ഒാഫീസർ ഡോ. ഷ്യാംജി വോയ്സിന്റെ പരാതിയെ തുടർന്ന് അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസും സംഘവും പരിശോധന നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പയസ് എന്നിവർ ആശുപത്രി സന്ദർശിച്ചു.