കാട്ടാക്കട: കാട്ടാക്കടയിൽ കായിക പ്രേമികളുടെ ആധുനിക സ്റ്റേഡിയം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. കാട്ടാക്കട പഞ്ചായത്തിലെ അമ്പലത്തിൻകാലയിലാണ് ആധുനിക രീതിയിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. നിലവിൽ വിവിധയിടങ്ങളിലുള്ള ഇൻഡോർ, ഔട്ട്ഡോർ സ്റ്റേഡിയങ്ങളിൽ ഫീസ് ഉയർന്ന ഫീസ് നൽകിയാണ് ഇവിടത്തെ യുവാക്കൾ കായികപരീശിലം നടത്തുന്നത്. സ്റ്റേഡിയം യാഥാർത്ത്യാമാകുന്നതോടെ ഇതിന് പരിഹാരമാകും. കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെയും വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിന്റെയും ഐ.ബി. സതീഷ് എം.എൽ.എയുടെയും ഇടപെടലാണ് സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതിന് പിന്നിലുള്ളത്. എം.എൽ.എ ഫണ്ട്, ഗ്രമപഞ്ചായത്ത്- ബ്ലോക്ക് ഫൗണ്ടുകൾ ഉൾപ്പെടെ 80.5 ലക്ഷം രൂപ ചെലവിട്ടാണ് സിന്തറ്റിക്ക് ടർഫ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. കാട്ടാക്കട ഗ്രാമപഞ്ചായത്തിന് അമ്പലത്തിൻകാല വാർഡിൽ ഉണ്ടായിരുന്ന 40 സെന്റ് സ്ഥലത്താണ് സ്റ്റേഡിയം ഉയരുന്നത്. ഈ പ്രദേശത്തെ ചെറുപ്പക്കാർ സ്റ്റേഡിയത്തിനായി പഞ്ചായത്തിനെ സമീപിച്ചിരുന്നു. പഞ്ചായത്ത് പച്ചക്കൊടി കാട്ടിയതോടെ സ്റ്റേഡിയത്തിന്റെ സാക്ഷാത്കാരത്തിന് വഴിയൊരുങ്ങി. പഞ്ചായത്ത് ഫണ്ടിൽ നിന്നു സ്ഥലം ഒരുക്കാൻ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി 11.5 ലക്ഷം രൂപ അനുവദിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 13.5 ലക്ഷം രൂപ കൂടി ലഭിച്ചതോടെ ചുറ്റുവേലിയും അനുബന്ധ പ്രവർത്തനങ്ങളും പൂർത്തിയായി. ഇതിനിടെ കളിസ്ഥലം കാണാനെത്തിയ ഐ.ബി.സതീഷ് എം.എൽ.എ ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സഹായിക്കാമെന്ന് ഉറപ്പ് നൽകി. സ്റ്റേഡിയം ആധുനീകരിക്കാൻ 54 ലക്ഷം രൂപ അനുവദിച്ചു. ഇതോടൊപ്പം പഞ്ചായത്തിലെ കുരുതംകോട് ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്തും സ്റ്റേഡിയം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതി.
സൗകര്യങ്ങൾ
ഔട്ട്ഡോർ സ്റ്റേഡിയത്തിൽ ഫുട്ബാൾ, വോളിബാൾ എന്നിവയും ബാഡ്മിന്റനും കൂടാതെ സ്കേറ്റിംഗ് ട്രാക്കും ഉണ്ടാകും. കാണികൾക്കായി മൂന്ന് നിരയായി ഇരിപ്പിടങ്ങളും ക്രമീകരിക്കും.ഓഫീസ് മുറി, ശുചിമുറികൾ എന്നിവയും സ്റ്റേഡിയത്തിൽ സജ്ജമാക്കും.
സ്റ്റേഡിയം നിർമിക്കാൻ
ചെലവിട്ടത് 80.5 ലക്ഷം രൂപ