വിതുര: കാട്ടാനയ്ക്കും കാട്ടുപന്നിക്കും കരടിക്കും പുറമേ മലയോര മേഖലയിൽ കാട്ടുപോത്തുകളും നാശവും ഭീതിയും പരത്തി വിഹരിക്കുന്നു. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലാണ് കാട്ടുപോത്തുകൾ താണ്ഡവമാടുന്നത്. അഞ്ചു വർഷത്തിനിടയിൽ കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ആദിവാസികൾ ഉപജീവനത്തിനായി ഇറക്കിയിരുന്ന കൃഷി മുഴുവൻ കാട്ടുപോത്തുകൾ നശിപ്പിക്കുക പതിവാണ്. ഇത്തരത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം കാരണം ആദിവാസി മേഖലയിൽ കൃഷി അന്യമായി മാറിയിട്ടുണ്ട്. വിതുര പഞ്ചായത്തിലെ കല്ലാർ, മൊട്ടമൂട്, ആറാനക്കുഴി, അല്ലതാര, ചെമ്പിക്കുന്ന്, പെണ്ണങ്കപ്പാറ, ചണ്ണനിരവട്ടം, ചാമക്കര, മണലി, മണിതൂക്കി ബോണക്കാട്, ചാത്തൻകോട്, ചെമ്മംകാല, പേപ്പാറ, പന്നിക്കുഴി, കുട്ടപ്പാറ, പൊടിയക്കാല മേഖലയിൽ ആണ് കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായത്. വളരെയധികം വലിപ്പമുള്ള കൂറ്റൻ കാട്ടുപോത്തുകൾ ജനവാസ മേഖലയിൽ എത്താറുണ്ട്. നേരത്തെ രാത്രിയിൽ മാത്രമാണ് കാട്ടുപോത്തുകൾ നാശം വിതച്ചിരുന്നതെങ്കിൽ ഇപ്പോൾ പകലും ജനവാസ മേഖലയിൽ ഭീതി പരത്തി വിഹരിക്കുന്നുണ്ട്. വിതുരയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങിയ ഗൃഹനാഥന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പേപ്പാറ പന്നിക്കുഴി ശബരി സദനത്തിൽ ഭുവനചന്ദ്രൻ (50)ആണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം.
തുടർക്കഥയായി ആക്രമണങ്ങളും മരണവും
കാട്ടുപോത്തുകളുടെ താണ്ഡവം നിമിത്തം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. മാത്രമല്ല കാട്ടുപോത്തുകൾ ജനവാസ മേഖലകളിൽ വരെ ഇറങ്ങി ഭീതി പരത്തുന്നുണ്ട്. ജൂലായ് മാസത്തിൽ വനത്തിൽ ചക്കയിടുവാൻ പോയ കല്ലാർ ചെമ്പിക്കുന്ന് ആദിവാസി കോളനിയിൽ മാധവൻകാണി കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നേരത്തെ അഗസ്ത്യാർകൂട തീർത്ഥാടനത്തിന് പോയ ഭക്തർക്ക് വഴികാട്ടിയായി സഞ്ചരിച്ചു ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളിയും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പൊന്മുടി വിതുര റോഡിൽ വിതുര മാർക്കറ്റ് ജംഗ്ഷനിലെ റബർ എസ്റ്റേറ്റിൽ ജോലിക്ക് പോയ വീട്ടമ്മയെയും കാട്ടുപോത്ത് ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു. ആനപ്പാറ മണലിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന സ്കൂൾ വിദ്യാർത്ഥിക്കും കാട്ടുപോത്തിന്റെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റിരുന്നു. തുടരെ തുടരെ ആക്രമണങ്ങൾ അരങ്ങേറിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ജനങ്ങളുടെ ആവശ്യം
കാട്ടുപോത്തിന്റെ ശല്യം രൂക്ഷമായ സ്ഥലങ്ങൾ
കല്ലാർ
മൊട്ടമൂട്
ആറാനക്കുഴി
അല്ലതാര
ചെമ്പിക്കുന്ന്
പെണ്ണങ്കപ്പാറ
ചണ്ണനിരവട്ടം
ചാമക്കര
മണലി
ബോണക്കാട്
ചാത്തൻകോട്
ചെമ്മംകാല
പേപ്പാറ
പന്നിക്കുഴി
കുട്ടപ്പാറ
പൊടിയക്കാല