തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ആർ.സി.സിയിലെയും അത്യാഹിത വിഭാഗങ്ങൾ ഇനി വേറെ ലെവൽ. അടിയന്തര ചികിത്സയ്ക്കെത്തുന്ന രോഗിക്ക് ഒരു നിമിഷംപോലും പാഴാക്കാതെ വിദഗ്ദ്ധ പരിചരണം നൽകുന്നതിന് ആവശ്യമായ പൂർണ സജ്ജീകരണത്തോടെയാണ് അത്യാഹിത വിഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗം എന്ന പുനർ നാമകരണത്തോടെയുള്ള ചികിത്സാ വിഭാഗത്തിൽ മൂന്നു തലത്തിലുള്ള ട്രോമാകെയർ ഉൾപ്പെടെയുള്ള സമഗ്ര ട്രോമാകെയർ സംവിധാനം, നൂതനമായ നെഗറ്റീവ് പ്രഷർ സംവിധാനത്തോടെയുള്ള അഞ്ച് ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയുമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ആർ.സി.സിയിലെ കാഷ്വാലിറ്റി സർവീസ് കേന്ദ്രം നിർമ്മിച്ചത്. ഒരേസമയം പത്ത് രോഗികൾക്ക് ഈ കാഷ്വാലിറ്റി വിഭാഗത്തിൽ തീവ്രപരിചരണം നൽകാൻ സാധിക്കും. എൻ.എ.ബി.എച്ച് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പുതിയ കാഷ്വാലിറ്റി സജ്ജമാക്കിയിരിക്കുന്നത്. രോഗ തീവ്രതയനുസരിച്ച് രോഗികൾക്ക് സേവനം നൽകാൻ കഴിയുന്ന ട്രയേജ് സംവിധാനം, പ്രത്യേകതരം കിടക്കകൾ, ഒാരോ കിടക്കയോടും അനുബന്ധിച്ച് ജീവൻ രക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങൾ, കൂട്ടിരിപ്പുകാർക്കുള്ള പ്രത്യേക കാത്തിരിപ്പ് സ്ഥലം എന്നിവയുമുണ്ട്.