തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കും ശബരിമല, ആറന്മുള ക്ഷേത്രം എന്നിവിടങ്ങളിലേക്കും വരുന്ന തീർത്ഥാടകരുടെ സൗകര്യത്തിനായി ആരംഭിച്ച സ്വദേശി ദർശൻ പദ്ധതി പാതിവഴിയിൽ. കേന്ദ്രസർക്കാർ ആവിഷ്കരിച്ച 93 കോടി രൂപയുടെ പിൽഗ്രിമേജ് ടൂറിസം സർക്യൂട്ട് വികസന പദ്ധതി ടൂറിസം വകുപ്പിനെയാണ് ഏല്പിച്ചത്. ഇതിൽ 76.63 കോടി രൂപയുടെ പദ്ധതിയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. 2017മേയ് മാസത്തിലാണ് പദ്ധതി പ്രവർത്തനം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ജനുവരി 15ന് ക്ഷേത്രത്തിലെത്തിയപ്പോൾ പകുതിയിലധികം പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചിരുന്നു. ബാക്കി പദ്ധതി മൂന്നു മാസത്തിനകം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഒന്നരവർഷമായിട്ടും കിഴക്കേകോട്ട മുതൽ പടിഞ്ഞാറെ നടവരെയുള്ള ഒൗട്ടർ റിംഗ് റോഡ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളൊക്കെ ബാക്കിയാണ്. ഒന്നേകാൽ കിലോ മീറ്രർ റോഡിന് എട്ട് കോടിരൂപയാണ് അനുവദിച്ചത്. പടിഞ്ഞാറെ നട മുതൽ വാഴപ്പള്ളി വരെയുള്ള റോഡാണ് ഏറ്റവും ദയനീയം. വെട്ടിമുറിച്ചകോട്ട മുതൽ വാഴപ്പള്ളി വരെ നിർമ്മിച്ച റോഡ് പൂർത്തിയായെങ്കിലും നിർദ്ദിഷ്ട നിലവാരമില്ലാത്തതാണ്. വേണ്ട ഓവുചാലുകൾ നിർമ്മിച്ചില്ലെന്നാണ് ഫോർട്ട് കൗൺസിലർ സുരേഷ് കുമാറിന്റെ പരാതി. വാട്ടർ അതോറിട്ടിയുടെ പണിയും ഇവിടെ ബാക്കിയാണ്. ഇവിടുത്തെ കുഴികളിൽ വീണ് അപകടങ്ങൾ പതിവാണ്. റോഡുപണി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ കേൾക്കുന്നില്ലെന്നാണ് ആക്ഷേപം. രാജധാനി മുതൽ വെട്ടിമുറിച്ചകോട്ട വരെയും വാഴപ്പള്ളി മുതൽ പടിഞ്ഞാറെ നട വരെയുമാണ് ഇനി പൂർത്തിയാകാനുള്ളത്.
പണം കിട്ടിയില്ലെന്ന് കരാറുകാരൻ
റോഡ് നിർമ്മാണത്തിനാവശ്യമായ പണമെല്ലാം കേന്ദ്രം റിലീസ് ചെയ്തു കഴിഞ്ഞു. പ്രവൃത്തി ഏറ്റെടുത്ത സർക്കാർ സ്ഥാപനമായ സിൽക്ക് പണം വാങ്ങി. എന്നാൽ തങ്ങൾക്ക് പണം കിട്ടിയിട്ടില്ലെന്നാണ് റോഡുപണിയുടെ കരാറുകാരനായ ഷെമിർ പറയുന്നത്. 1.72 കോടിയിൽ പൂർത്തീകരിച്ച പണിയുടെ 1.10 കോടിയുടെ ബിൽ നൽകിയിട്ടും ഒരു രൂപ പോലും കിട്ടിയില്ലെന്നാണ് പരാതി.
ചെലവാക്കാത്ത തുക
തിരിച്ചു പിടിക്കാൻ കേന്ദ്രം
ഇതുവരെ അനുവദിച്ച തുകയിൽ ചെലവഴിക്കാത്ത തുക തിരിച്ചു നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
13.7 കോടി രൂപയാണ് ഇങ്ങനെ തിരിച്ചുനൽകേണ്ടി വരിക.
മിനുങ്ങി പദ്മതീർത്ഥം
പദ്മതീർത്ഥം ശുചീകരിച്ചതാണ് ഏറ്റവും വലിയ നേട്ടം. പുനർ നിർമ്മാണത്തിനായി കൽമണ്ഡപങ്ങൾ പൊളിക്കുന്നതിൽ ഉൾപ്പെടെ കടുത്ത എതിർപ്പുകളും വെല്ലുവിളികളും നേരിട്ടാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ നിർമ്മിതി കേന്ദ്ര പദ്മതീർത്ഥം നവീകരിച്ചത്. കൊവിഡ് കാലത്ത് ശംഖുംമുഖത്തിന് പകരം പദ്മതീർത്ഥത്തിൽ ആറാട്ട് നടത്താനും കഴിഞ്ഞു.
പൂർത്തിയായവ
നാലു നടകളിലെയും നടപ്പാതകൾ, ഇലക്ട്രിക് ഡക്ടുകൾ, വിളക്കുകൾ. സി.സി ടിവി, സെക്യൂരിറ്രി, കുടിവെള്ള ഫൗണ്ടെയിനുകൾ, കിഴക്കേ നടയിലെ ബാത്തിംഗ് കോംപ്ലക്സ്, പടിഞ്ഞാറെ നടയിൽ നമ്പി പാത്ത്വേ, ടൂറിസ്റ്ര് ഇൻഫർമേഷൻ സെന്റർ തുടങ്ങിയവ പൂർത്തിയായി. കിഴക്കും വടക്കും നടയിലെ പ്രവർത്തനങ്ങൾ നിർമ്മിതി കേന്ദ്രയും തെക്കും പടിഞ്ഞാറും നടയിലെ പ്രവർത്തനങ്ങൾ ഹൗസിംഗ് ബോർഡുമാണ് നടത്തിയത്. ഇവരുടെ പ്രവൃത്തി ആറു മാസം മുമ്പേ പൂർത്തിയായി. സിൽക്കിനെയും കെ.എസ്.ഐ.ഇയെയും ഏല്പിച്ച പ്രവൃത്തിയാണ് ഇനി പൂർത്തിയാക്കാനുള്ളത്.
ഇനിയുള്ളത്
ക്രാഫ്റ്ര് ബസാർ, പെർഫോമിംഗ് ആർട് എറീന, തെക്കേ നടയിലെ സൗന്ദര്യവത്കരണം, ഇ- ഓട്ടോ പോലെ തീർത്ഥാടകർക്ക് സഞ്ചരിക്കാനുള്ള സൗകര്യം. ഉത്സവമഠം ബിൽഡിംഗിലെ കെട്ടിടങ്ങളുടെ പണി കുറച്ചുകൂടി പൂർത്തിയാകാനുണ്ട്.
പണം അനുവദിച്ചിട്ടും ഒഴിവാക്കി
കിള്ളിപ്പാലത്ത് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലത്ത് രണ്ടരക്കോടി ചെലവഴിച്ച് പിൽഗ്രിംസ് അമിനിറ്റി സെന്റർ തുടങ്ങാൻ പണം കിട്ടിയിട്ടും പണി തുടങ്ങാൻ വൈകിയത് കൊണ്ട് തുക ലാപ്സായി.
സൈനേജുകൾ ഇല്ല
ടൂറിസം അധികൃതർ നിരന്തരം ആവശ്യപ്പെട്ടിട്ടും സൈനേജുകൾ സ്ഥാപിക്കുന്ന
ജോലി കരാർ ഏറ്റെടുത്ത സിൽക്ക് കമ്പനി പൂർത്തിയാക്കിയില്ല.
പദ്ധതി തുക - 93 കോടി