കോട്ടയം ആലപ്പുഴ ജലപാതയിലെ ചുങ്കത്തു മുപ്പതു പാലം നന്നാക്കി ദിവങ്ങളാകും മുമ്പ് വീണ്ടും കേടായതോടെ വളഞ്ഞു മൂക്കിൽ പിടിക്കുന്നതു പോലെ കോടിമതയിൽ നിന്ന് പള്ളം വഴി ഏറെ സമയമെടുത്തു ആലപ്പുഴക്കു പോകേണ്ട ഗതികേടിലായി ബോട്ട് യാത്രക്കാർ. സാങ്കേതിക മേഖലയിൽ രാജ്യം കുതിച്ചു ചാട്ടം നടത്തുന്ന കാലത്ത് കേരളത്തിൽ ഒരു പൊക്കു പാലം പോലും സ്ഥിരം അറ്റകുറ്റപണി നടത്തേണ്ട അവസ്ഥയ്ക്ക് കാരണക്കാരായവർ ആരാണെങ്കിലും നിയമപരമായി ശിക്ഷിക്കുന്നതിന് പുറമേ നന്നാക്കലിന്റെ പേരിൽ ഇതുവരെ ചെലവായ തുകയും അവരിൽ നിന്ന് ഈടാക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
സർക്കാർ സ്ഥാപനമായ കെൽ ആണ് പാലം നിർമിച്ചത്. കേരളകോൺഗ്രസുകൾ എത്ര തവണ പിളർന്നുവെന്നതിന് കണക്കില്ലാത്തതുപോലെയാണ് ചുങ്കത്ത് മുപ്പത് പൊക്കുപാലം കേടായതിന്റെ കണക്കും. പല തവണ നന്നാക്കിയതിന്റെ പേരിൽ ലക്ഷങ്ങളാണ് ചെലവഴിച്ചത്. പൊക്കു പാലം സ്ഥിരം 'പൊക്കാ പാലം ' ആക്കുന്നതിന്റെ പേരിൽ ആരുടെയങ്കിലും കളികളുണ്ടോ എന്നും നാട്ടുകാർ സംശയിക്കുന്നു.
അഞ്ചു പൊക്കുപാലങ്ങളാണ് കോടിമത മുതൽ കാഞ്ഞിരം വരെ ഉള്ളത്. നാലും ബോട്ടു വരുമ്പോൾ താത്ക്കാലികമായി ഉയർത്താവുന്നവയാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്നത് പുത്തൻ തോട്ടിൽ ചുങ്കത്ത് മുപ്പതു പാലം മാത്രമാണ്. അതാണ് സ്ഥിരം കേടാകുന്നതും. മോട്ടോറും കമ്പിയും തുരുമ്പു പിടിച്ചാലും വൈദ്യുതി ഇല്ലെങ്കിലും പാലം ഉയർത്താൻ കഴിയില്ല. പാലം വന്നാൽ കടത്തു നഷ്ടപ്പെടുമെന്നതിനാൽ സ്ഥിരം കേടാക്കുകയാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. പാലം അപകടത്തിൽ എന്നു പറഞ്ഞതുപോലെ 'പാലം സ്ഥിരം കേട്' എന്നു പറയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ പാലം നന്നാക്കാൻ ഇതുവരെ എത്ര ലക്ഷം രൂപ ചെലവഴിച്ചു ,എത്ര രൂപ ചിലരുടെ പോക്കറ്റിൽ എത്തി എന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു.
കോട്ടയം- ആലപ്പുഴ ജലപാതയിൽ അതിവേഗ എ.സി സോളാർ ബോട്ട് ഓടിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് പൊക്കുപാലം സ്ഥിരം കേടായി യാത്ര തടസമാകുന്നത്. പാലം പൊക്കാൻ കഴിയാത്തതിനാൽ ബോട്ട് സർവീസ് കാഞ്ഞിരത്ത് അവസാനിപ്പിക്കേണ്ടി വരും. കാഞ്ഞിരത്തു നിന്ന് കോട്ടയം ടൗണിൽ എത്താൻ ബോട്ട് യാത്രക്കാർ ബസ് പിടിക്കണം. കാഞ്ഞിരത്തു നിന്ന് ബസ് മിക്കവാറും കാണില്ല. നേരത്തേ സർവീസ് നിറുത്തുന്നതും പ്രശ്നമാണ്. ഇക്കാരണങ്ങളാൽ ബോട്ടിൽ യാത്രക്കാർ കുറയും. ട്രിപ്പ് നഷ്ടത്തിലാവും. നിലവിൽ മൂന്ന് ബോട്ടിന്റെ സ്ഥാനത്തു രണ്ട് ബോട്ടേ ഉള്ളൂ. കോടിമത പള്ളം വഴി വളഞ്ഞു ചുറ്റി സമയക്കൂടുതലെടുത്ത് യാത്രയ്ക്ക് ആരെയും കിട്ടില്ല. പാലം കേടായതു കാരണം കാഞ്ഞിരത്ത് ട്രിപ്പ് അവസാനിപ്പിക്കുന്നതും യാത്രക്കാരുടെ എണ്ണം കുറയ്ക്കും.
ബോട്ട് പോകാൻ കഴിയുന്നത്ര ഉയരമുള്ള നടപ്പാലം നിർമിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു. ഒരിടത്തും പൊക്കു പാലത്തിന്റെ ആവശ്യമില്ല. താഴത്തങ്ങാടി ആറിന് കുറുകേ തൂക്കുപാലമുണ്ട്. താഴത്തങ്ങാടി വള്ളം കളിക്ക് ചുണ്ടൻ വള്ളങ്ങൾ വരെ ഈ പാലത്തിന് അടിയിലൂടെയാണ് പോകുന്നത്. നാട്ടുകാർക്ക് അക്കരെ ഇക്കരെ നടക്കുകയുമാകാം. വലിയ കാശുമുടക്കുമില്ല. കോടിമത ആലപ്പുഴ ജലപാതയിൽ ഇനിയും പണംചെലവഴിച്ച് വീണ്ടും കേടാകാൻ പൊക്കു പാലം നന്നാക്കുന്നതിന് പകരം തൂക്കുപാലം നിർമിച്ചാൽ പോരേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
'പൊക്കാത്ത പാലം മഹാശ്ചര്യം നമുക്കും കിട്ടണം പണം ' എന്ന് ചിന്തിക്കുന്നവർ ഏറെയുള്ളപ്പോൾ നാട്ടുകാരുടെ ആവശ്യം നടക്കുമോ? ...