വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമാക്കി വൈറ്റ് ഹൗസിലേക്ക് അതിമാരക വിഷമായ റൈസിൻ പുരട്ടിയ കത്ത് അയച്ചതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് സംഭവം. കാനഡയിൽ നിന്നാണ് കത്ത് എത്തിയിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്. വൈറ്റ് ഹൗസിൽ എത്തുന്നതിന് മുമ്പ് മെയിൽ സെന്ററിൽ വച്ച് പരിശോധിച്ചപ്പോഴാണ് കത്തിൽ വിഷം പുരണ്ടിരിക്കുന്നതായി മനസിലാക്കിയത് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസും അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടുണ്ട്.
റൈസിൻ സാധാരണയായി ആവണക്കിന്റെ കുരുവിലാണ് കണ്ടുവരുന്നത്. ഇത് ഒരു ജൈവായുധമായി പ്രവർത്തിക്കാറുണ്ട്. ഇത് മനുഷ്യശരീരത്തിൽ ഉള്ളിലെത്തുകയോ ശ്വസിക്കുകയോ ചെയ്താൽ വരെ മരണത്തിന് ഇടയാക്കുമെന്നാണ് റിപ്പോർട്ട്. വിഷബാധയേറ്റാൽ 36 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചേക്കാം.
2018 ൽ ട്രംപിനെ ലക്ഷ്യം വച്ച് അമേരിക്കൻ സ്വദേശിയായ വില്യം എന്നയാൾ ഇത്തരത്തിലൊരു കത്ത് അയച്ചിരുന്നു. അയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന സമയത്തും സമാന സംഭവങ്ങൾ നടന്നിരുന്നു.