SignIn
Kerala Kaumudi Online
Sunday, 25 October 2020 2.07 AM IST

'സർക്കാരിനെ അട്ടിമറിക്കാൻ ഉദ്യോഗസ്ഥ ലോബി', പ്രതിപക്ഷത്തിന് ഫയലുകൾ എത്തിച്ചുകൊടുക്കുന്നത് ഉദ്യോഗസ്ഥർ: എം.വി ഗോവിന്ദൻ

m-v-govindan-master

 പിണറായി സർക്കാരിനെ താഴെയിറക്കാൻ സംസ്ഥാനത്ത് പണമിറക്കുന്നു

 പ്രതിപക്ഷത്തിന്റെ തലയ്‌ക്ക് ഓളം

 പ്രതിപക്ഷത്തിന്റെ പി.ആർ വർക്കിന് 45 പേരടങ്ങുന്ന സംഘം

 മക്കൾ വഴി നേതാക്കളെ കുടുക്കാൻ സാധിക്കില്ല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ ആയുധമാക്കുന്ന ആരോപണങ്ങളും സർക്കാർ ഫയലുകളും അദ്ദേഹത്തിന് എത്തിച്ച് കൊടുക്കുന്നത് സംസ്ഥാനത്തെ ചില സർക്കാർ ഉദ്യോഗസ്ഥരാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദൻ മാസ്റ്റർ. പിണറായി സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിൽ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുകയാണ്. സംസ്ഥാനത്ത് ലെജിസ്ലേച്ചറിലാണ് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുളളത്. എന്നാൽ, എക്സിക്യൂട്ടീവിലടക്കം സ്വാധീനം വലതുപക്ഷ ശക്തികൾക്കാണ്. അതിൽ നിന്നുതന്നെ യു.ഡി.എഫിന് എങ്ങനെ ഫയൽ കിട്ടുന്നുവെന്നത് വ്യക്തമാണ്. ഉദ്യോഗസ്ഥർക്ക് മേലെ പരിമിതമായ അധികാരം മാത്രം വച്ചാണ് സർക്കാർ പ്രവ‌ർത്തിക്കുന്നത്. ഭരണകൂടത്തിന്റെ ചട്ടക്കൂടിന്റെ അകത്തുനിന്നാണ് ഇടതുപക്ഷ നയം നടപ്പാക്കാൻ സ‌ർക്കാർ ശ്രമിക്കുന്നത്. വലതുപക്ഷ ശക്തികൾ അധികാരത്തിൽ വരണമെന്നതാണ് ഉദ്യോഗസ്ഥരുടെ വർഗപരമായ താത്പര്യം. ശിവശങ്കർ അതിന്റെ ഭാഗമായിരുന്നു. അലനേയും താഹയേയും അറസ്റ്റ് ചെയ്‌തത് സർക്കാരുമായി ആലോചിക്കാതെയാണ്. അവർ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞത് സർക്കാരല്ല, പൊലീസാണ്. ആ പൊലീസ് എക്സി‌ക്യൂട്ടീവിന്റെ ഭാഗമാണ്. ഭരണകൂട സംവിധാനത്തിന്റെ നിയമാവലിയ്ക്ക് അകത്തുനിന്നു കൊണ്ട് മാത്രമേ ഉദ്യോഗസ്ഥർക്ക് മേലെ സർക്കാരിന് കടിഞ്ഞാണിടാൻ പറ്റുകയുള്ളൂ.

പ്രതിപക്ഷത്തിന്റെ പി.ആർ വർക്ക്

പിണറായി സർക്കാരിനെ താഴെയിറക്കാൻ സംസ്ഥാനത്ത് നല്ലതു പോലെ പണമിറക്കുന്നുണ്ട്. മാർക്സിസ്റ്റ് പാർട്ടിക്കോ സർക്കാരിനോ പി.ആർ വർക്കിന്റെ ആവശ്യമില്ല. യു.ഡി.എഫാണ് പി.ആർ വർക്ക് നടത്തികൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നടക്കം ഇതിനായി ഫണ്ടിംഗ് നടക്കുന്നുണ്ട്. 45 പേരടങ്ങുന്ന സംഘമാണ് പ്രതിപക്ഷത്തിന്റെ പി.ആർ വർക്ക് നടത്തുന്നത്. സി.പി.എമ്മിന്റെ കൈയ്യിൽ ഇതിന്റെ മുഴുവൻ കണക്കുമുണ്ട്. ഏതൊക്കെ നേതാക്കളാണ് പി.ആർ വർക്ക് നടത്തുന്നതെന്നും അറിയാം. ആരൊക്കെയാണെന്ന് ഇപ്പോൾ പറയുന്നില്ലന്നേ ഉള്ളൂ. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. പ്രതിപക്ഷത്തിന് എവിടെ നിന്നെല്ലാമാണ് ഓരോന്നും കിട്ടുന്നതെന്ന കൃത്യമായ ധാരണ ഞങ്ങൾക്കുണ്ട്. സി.പി.എം ഇതൊന്നും അറിയുന്നില്ലെന്ന തെറ്റിദ്ധാരണ പ്രതിപക്ഷത്തിന് വേണ്ട. ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയാണ് സംസ്ഥാനത്ത് ഇതിനായി ചെലവഴിക്കുന്നത്.

സമരത്തിൽ ക്രിമിനലുകളും സീറ്റ് മോഹികളും

സംസ്ഥാനത്ത് സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് കോൺഗ്രസ് പ്രവർത്തകരല്ല, ക്രിമിനലുകളാണ്. സ്വർണക്കടത്തിന്റെ പേരിൽ ഇവിടെ ബി.ജെ.പിയും കോൺഗ്രസും യോജിച്ച് നടത്തിയ അഭ്യാസങ്ങളെല്ലാം തകർന്ന് തരിപ്പണമായി. കൊവിഡ് പടരാനുളള ബോധപൂർവ്വമായ പ്രവർത്തനമാണ് ഈ സമരങ്ങൾ. പരമാവധി രോഗം പകരട്ടെ എന്നാണ് അവരുടെ ലക്ഷ്യം. നയതന്ത്ര ബാഗേജിലല്ല സ്വർണം വന്നതെന്ന് പറയുന്ന വിദേശകാര്യ സഹമന്ത്രി പിന്നെ ഏതിലാണ് സ്വർണം വന്നതെന്ന് പറയണം. അദ്ദേഹം പറയുന്നതിന് നേർ വിപരീതമായാണ് എൻ.ഐ.എയും കേന്ദ്രസർക്കാരും പറയുന്നത്. വി.മുരളീധരന്റെ ഗൂഢാലോചന അന്വേഷിക്കണം. സ്വർണക്കടത്തുമായി സർക്കാരിനോ കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ ബന്ധമില്ല. ഇതുവരെ പിടിക്കപ്പെട്ടവരെല്ലാം ബി.ജെ.പിക്കാരും കോൺഗ്രസുകാരും ലീഗുകാരുമാണ്. പ്രതിപക്ഷം പൊലീസിനെയും മന്ത്രിയേയും കൊല്ലാൻ നോക്കി. ഞങ്ങളെ പേടിപ്പിച്ചാൽ ഞങ്ങളങ്ങ് രാജിവയ്‌ക്കുമന്നാണ് ഇവരൊക്കെ ധരിച്ചത്. ജലീലും രാജിവയ്‌ക്കില്ല ആരും രാജിവയ്‌ക്കില്ല. സമരത്തിന്റെ ഭാഗമായ ക്രിമിനലുകൾക്കൊപ്പം ഉണ്ടായിരുന്നത് കോൺഗ്രസുകാരായ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് മോഹികളാണ്.

കസ്‌റ്റംസും ജലീലിനെ ചോദ്യം ചെയ്‌തോട്ടെ

കസ്‌റ്റംസും ജലീലിനെ ചോദ്യം ചെയ്‌തോട്ടെ. ചോദ്യം ചെയ്‌താൽ രാജിവയ്‌ക്കേണ്ട കാര്യമില്ല. യു.എ.ഇ സർക്കാരിനെ കളളക്കടത്തുകാരായി മാറ്റാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അവർ കൊടുത്തയച്ച ഈന്തപ്പഴത്തിനകത്തെ കുരു സ്വർണമായിരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ഇവർ ഒരു രാജ്യത്തിനെതിരെയാണ് കടന്നാക്രമണം നടത്തുന്നത്. യു.എ.ഇ സർക്കാർ സംവിധാനത്തെ കളളക്കടത്താക്കി മാറ്റി ഗൾഫിലുളള ലക്ഷക്കണക്കിന് മലയാളികളെ കൊലയ്‌ക്ക് കൊടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. രാജ്യത്തെ ജനങ്ങളെ പറ്റിക്കാനുളള ഈ പ്രചാര വേലകൾ അവസാനം ഇന്ത്യയ്‌ക്കും കേരളത്തിനും എതിരായി മാറും.

ആർ.എസ്.സിനും ലീഗിനും ഒരേ മുഖം

ഖുറാൻ വിവാദത്തിൽ ആർ.എസ്.എസുകാർ പറയുന്നത് മനസിലാക്കാം. എന്നാൽ അതുതന്നെയാണ് ലീഗുകാരും പറയുന്നത്. കളളക്കടത്തിന്റെ കൂട്ടത്തിൽ ഖുറാനെ വലിച്ചിഴയ്ക്കുന്നതിനോട് മുസ്ലീം മതവിഭാഗത്തിനുളളിൽ തന്നെ എതിർപ്പുണ്ട്. ആ നിലപാട് അവർ സ്വീകരിച്ചപ്പോൾ ലീഗ് മെല്ലെ പതറാൻ തുടങ്ങി. അതോടെയാണ് സി.പി.എം വർഗീയത പറയുന്നുവെന്ന് ലീഗുകാർ പറയാൻ തുടങ്ങിയത്. മതനിരപേക്ഷ ഉളളടക്കമുളള പാർട്ടിയാണ് സി.പി.എം. ഞങ്ങളുടെ സെക്രട്ടറിക്ക് വർഗീയത പറയേണ്ട ആവശ്യമില്ല. രാഷ്ട്രീയവും മതവും കൂടി ചേർക്കുമ്പോഴാണ് വർഗീയത വരുന്നത്. വർഗീയത എന്നു പറഞ്ഞാൽ സീസർക്കുളളത് സീസർക്കും ദൈവത്തിനുളളത് ദൈവത്തിനുമായി പോയാൽ കുഴപ്പമില്ല. അതല്ലാതെ രണ്ടും പരസ്‌പരം ചേർത്ത് കഴിക്കുന്നവരാണ് വർഗീയവാദികൾ.

അന്വേഷണമൊക്കെ മക്കൾ നേരിടും

പാർട്ടി സെക്രട്ടറിയുടെ മകനെതിരെയും മന്ത്രി പുത്രന്മാർക്കെതിരേയും വരുന്ന ആരോപണങ്ങൾ അന്വേഷണ ഏജൻസികൾ പരിശോധിക്കട്ടെ. മുഖ്യമന്ത്രിയുടെ മകനും മകൾക്കും എതിരെ ആയാൽ പോലും അവർ അന്വേഷിച്ച് നിലപാട് സ്വീകരിക്കട്ടെ. മക്കൾ വഴി നേതാക്കളെ കുടുക്കാൻ സാധിക്കില്ല. അന്വേഷണത്തെ മൂടിവയ്‌ക്കാൻ ഞങ്ങളാരും പോകില്ല. മന്ത്രിയുടെ മകനും സ്വപ്‌നയും തമ്മിലുളള ചിത്രവും അവർ അന്വേഷിക്കട്ടെ. ഞങ്ങൾക്ക് അതിൽ ഭയമൊന്നുമില്ല. ആരെങ്കിലും പ്രതിയാക്കപ്പെടുകയാണെങ്കിൽ പ്രതിയാകട്ടെ. ഞങ്ങൾക്ക് അതിലും ഒരു പ്രശ്‌നവുമില്ല. നേതാക്കളുടെ മക്കൾക്ക് എതിരെ കേസ് വന്നാൽ അവരേയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും തമ്മിൽ കൂട്ടികുഴയ്‌ക്കേണ്ട ആവശ്യമില്ല. വ്യക്തികളെന്ന നിലയിൽ ഓരോന്നും പറയാനും പ്രവർത്തിക്കാനും അവർക്ക് അവകാശമുണ്ട്. കേസ് എന്തെങ്കിലും വന്നാൽ അവർ തന്നെ കേസും നടത്തും.

പെരുമഴയത്ത് സർക്കാർ ഒലിച്ചുപോകില്ല

ഈ വിവാദങ്ങളൊക്കെ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന് കരുതുന്നവരാണ് ഈ കോലാഹലങ്ങളൊക്കെ നടത്തുന്നത്. പാർട്ടി അങ്ങനെ കരുതുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പ്രതിപക്ഷത്തുളളവർക്ക് അത് മനസിലാകും. പ്രതിപക്ഷത്തിന്റെ തലയ്‌ക്കകത്ത് ഇപ്പോഴൊരു ഓളമുണ്ട്. കളളങ്ങൾ പറഞ്ഞുപറഞ്ഞ് മനുഷ്യന്റെ തലച്ചോറിൽ കയറ്റുകയാണ് പ്രതിപക്ഷം. അത് പ്രതിരോധിക്കാനുളള പ്രവർത്തനങ്ങൾ സി.പി.എം നടത്തിയില്ലെങ്കിൽ അവർ പറയുന്നതിന് മുൻകൈ കിട്ടും. കൊവിഡ് കാലമായാലും അത് പ്രതിരോധിക്കുന്നതിനുളള രാഷ്ട്രീയ വിശദീകരണങ്ങളൊക്കെ ഞങ്ങൾ കൃത്യമായി ഓൺലൈനിലൂടെ നടത്തുന്നുണ്ട്. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ കേന്ദ്രങ്ങളിലൊന്നാണ് കേരളം. കമ്മ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് എത്രത്തോളം സ്വാധീനമുണ്ടോ അത്രത്തോളം സ്വാധീനം കമ്മ്യൂണിസ്റ്റ് വിരുദ്ധൻമാർക്കും കേരളത്തിലുണ്ട്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയില്ല. വരികൾക്കിടയിൽ നിന്ന് വായിക്കാനും കേൾക്കുന്നതിനിടയിൽ നിന്ന് കേൾക്കാനും ഉളള ശക്തി കേരളത്തിലെ സി.പി.എം അനുഭാവികൾ ആർജിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷ സമരങ്ങൾക്കിടയിലും ഈ മുന്നണി ഇങ്ങനെ നിലനിൽക്കുന്നത്. ഈ പെരുമഴയത്ത് പിണറായി സർക്കാർ ഒലിച്ചുപോകുമെന്ന് കരുതിയവർക്ക് തെറ്റി. പ്രതിപക്ഷത്തിന്റെ തലയിലുളള ഓളമാണ് കേരളത്തിലെ മുഴുവൻ ജനങ്ങളുടേയും തലയിലെന്ന് ധരിക്കേണ്ടതില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MV GOVINDAN, LDF GOVERNMENT, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.