കോട്ടയം: തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പടിഞ്ഞാറൻ മേഖല അടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ. മലയോര മേഖലയിലെ രാത്രി യാത്ര വിലക്കിയിട്ടുണ്ട്. രണ്ടു ദിവസം ജില്ലയിൽ ഓറഞ്ച് അലേർട്ട് ആയിരുന്നു. ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മലയോരമേഖലയിൽ നിന്നുള്ള പെയ്ത്തു വെള്ളം എത്തുന്നതാണ് മീനച്ചിലാറ്റിൽ ജല നിരപ്പ് ഉയരാൻ കാരണം. കിഴക്കൻ പ്രദേശങ്ങളിൽ അതിതീവ്ര മഴയുണ്ടാകാത്തത് ആശങ്ക ലഘൂകരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മദ്ധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ് : 64 മില്ലീമീറ്റർ. ഇതോടെ ജില്ലയിൽ കാലവർഷത്തിന്റെ അളവും കൂടി. ഇതുവരെ കാലവർഷ കാലത്തു ജില്ലയിൽ 27 ശതമാനം അധിക മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്.
രണ്ടു ദിവസങ്ങളിലായി മഴ ജില്ലയിൽ കനത്ത നാശം വിതച്ചിരുന്നു. കോട്ടയം,വൈക്കം താലൂക്കുകളിലായി ലക്ഷണക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. അഞ്ച് വീടുകൾക്ക് ഭാഗികമായി തകർന്നു. മഴ തുടർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ കൊയ്ത്ത് ആരംഭിക്കേണ്ട വിരിപ്പു കൃഷി വെള്ളത്തിലാകും. കഴിഞ്ഞ മാസം പെയ്ത മഴയിൽ 60 ശതമാനം കൃഷിയും നശിച്ചിരുന്നു.