കോട്ടയം: 2015 ൽ സ്കൂൾ ഒഫ് മെഡിക്കൽ എഡ്യുക്കേഷനിൽ നിന്ന് ബി.എസ്സി മെഡിക്കൽ മൈക്രോ ബയോളജി പഠിച്ച വിദ്യാർത്ഥികൾ ആശങ്കയിലായി. അവസാന വർഷക്കാരായ ഈ വിദ്യാർത്ഥികളുടെ പരീക്ഷ ഫലം ഇനിയും എം.ജി സർവകലാശാല പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷാ ഫലം സംബന്ധിച്ചു ചോദിക്കുമ്പോൾ എല്ലാ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു എന്ന മറുപടിയാണ് ലഭിക്കുന്നത്.
2015 ലാണ് ആരോഗ്യ സംബന്ധമായ പ്രൊഫഷണൽ കോഴ്സുകൾ എല്ലാം ആരോഗ്യ സർവകലാശാലയുടെ കീഴിലേയ്ക്ക് മാറ്റണമെന്ന നിർദേശം വന്നത്. ഇത് അനുസരിച്ച് നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും, ആരോഗ്യ സർവകലാശാല നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ഇല്ലാതെ വന്നതോടെ എം.ജി സർവകലാശാലയുടെ സ്കൂൾ ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ സർവകലാശാലയുടെ കീഴിൽ തന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ ഈ വിദ്യാർത്ഥികളുടെ ഫലം പുറത്തു വരാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.