കണ്ണൂർ: അന്യ സംസ്ഥാന തൊഴിലാളികളുടെ മറവിൽ തീവ്രവാദികൾ നുഴഞ്ഞു കയറുന്നുണ്ടെന്ന് കണ്ടെത്തിയിട്ടും പൊലീസ് നടപടികൾ എങ്ങുമെത്തുന്നില്ല . എറണാകുളം കഴിഞ്ഞാൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂടുതലായുള്ളത് കണ്ണൂരിലും കാസർകോട്ടുമാണ്. എന്നാൽ ഇവരുടെ കൃത്യമായ വിവര ശേഖരണം നടത്താൻ പോലും പൊലീസിനോ തൊഴിൽ വകുപ്പിനോ കഴിയുന്നില്ല. ഇരുജില്ലകളിലുമായി എത്ര അന്യ സംസ്ഥാന തൊഴിലാളികളുണ്ടെന്ന കണക്കു പൊലീസിന്റെയോ തൊഴിൽവകുപ്പിന്റെയോ കൈയിലില്ല.
കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിലായതോടെയാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം സംബന്ധിച്ച് വീണ്ടും ചർച്ചയാവുന്നത്. ബംഗാൾ, ആസാം, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കുടുതലും അന്യ സംസ്ഥാന തൊഴിലാളികൾ ഇവിടേക്കെത്തുന്നത്. ഇവരുടെ കൂട്ടത്തിൽ ബംഗ്ളാദേശികളുമുണ്ട്. ഇവരെ കൊണ്ടുവരുന്ന ഏജന്റുമാർ കൃത്യമായ വിവരങ്ങൾ നൽകാത്തതും തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്നവർ വിവരം അറിയിക്കാതെ നിസഹകരിക്കുന്നതുമാണ് വിവര ശേഖരണത്തിനു തടസ്സമാകുന്നതെന്ന് പൊലീസ് പറയുന്നു. എന്നാൽ തങ്ങളെ കുറിച്ച് ആരും അന്വേഷിക്കാറില്ലെന്നാണ് ഇവരുടെ വാദം.
ഇതിനു പുറമേ സംസ്ഥാനത്തെത്തുന്ന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കാൻ കഴിയാത്തതും തിരിച്ചടിയാണ്. തൊഴിൽ വകുപ്പാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത്. എന്നാൽ വിവരശേഖരണം പേരിനുപോലും ഇപ്പോൾ നടക്കുന്നില്ല.
വേണ്ടത് യൂണിവേഴ്സൽ ബ്രദർഹുഡ് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം
അത്യാധുനിക സംവിധാനങ്ങളോടെ ബയോമെട്രിക് വിവരശേഖരണം നടത്തണമെന്നാണ് പൊതുവെയുള്ള ആവശ്യം. സംസ്ഥാനത്ത് എത്തുന്ന മറുനാടൻ തൊഴിലാളികളുടെ പേരോ വിലാസമോ തിരിച്ചറിയൽ രേഖകളോ തൊഴിലുടമയുടെ പക്കൽ പോലുമില്ലാത്ത അവസ്ഥയാണ്.
ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെയും സ്റ്റേഷനിലെത്തിച്ച് അവരുടെ പത്ത് വിരലുകളും ബയോമെട്രിക് സ്കാനർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ശേഖരിക്കുന്നതാണ് യൂണിവേഴ്സൽ ബ്രദർഹുഡ് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം.
ഓരോ തൊഴിലാളിയുടെയും പേരും വിലാസവും ഫോട്ടോയും ശേഖരിക്കും. വിവരങ്ങൾ ശേഖരിച്ചതിനു ശേഷം തൊഴിലാളികളുടെ പേരും ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും ഉൾപ്പെടുത്തിയുള്ള സുരക്ഷാ കാർഡും നൽകുന്നതാണ് പദ്ധതി. തൊഴിലാളികൾ നൽകുന്ന വിവരങ്ങൾ സത്യമാണോ എന്ന് ഉറപ്പുവരുത്താനായി അതത് സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ട് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. എന്നാൽ പിന്നീട് ഇതും ഒഴിവാക്കുകയായിരുന്നു.