പുഴകൾ കരകവിഞ്ഞു, 12 വീടുകൾ തകർന്നു
കാസർകോട്: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെല്ലിക്കുന്ന് കടപ്പുറത്ത് കനത്ത നാശം. 4 വീടുകളുടെ മേൽക്കൂര ഏതാണ്ട് പൂർണ്ണമായും 8 വീടുകളുടേത് ഭാഗികമായും ഒരു വീടിന്റെ ജനൽചില്ലുകളും തകർന്നു. വെള്ളം കയറിയതിനെ തുടർന്ന് വീട്ടിനകത്തെ സാധനങ്ങളും ഗൃഹോപകരണങ്ങളും നശിക്കുകയും ചെയ്തു. അപകടാവസ്ഥയിലായ വീടുകളിലുള്ളവർക്ക് ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നതിന് അധികൃതർ നിർദ്ദേശം നൽകി. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാശനഷ്ടം സംഭവിച്ചതിൽ
മിക്കതും മത്സ്യത്തൊഴിലാളികളുടെ വീടുകളാണ്.
പള്ളിക്കര മൗവ്വാർ മരത്തിലയിൽ പരേതനായ സദാനന്ദറൈയുടെ ഭാര്യ യമുനയുടെ വീട് മണ്ണിടിച്ചലിനെ തുടർന്ന് ഭാഗികമായി തകർന്നു. പുത്തിഗെ പുഴ കരകവിഞ്ഞൊഴുകിയതിനാൽ പുത്തിഗെ സുബ്രായ ക്ഷേത്രത്തിൽ വെള്ളം കയറി. പൂജാദി കർമ്മങ്ങൾക്ക് തന്ത്രിമാർ നീന്തിയാണ് ക്ഷേത്രത്തിലെത്തിയത്. നിരവധി തെങ്ങുകളും കവുങ്ങുകളും ഈ ഭാഗത്ത് തകർന്നു.
വാമഞ്ചൂർ ബങ്കര മഞ്ചേശ്വരം പുഴ കവിഞ്ഞൊഴുകി 75 ഏക്കർ കൃഷിയിടത്തിൽ വെള്ളം കയറി. കുളൂർ, മജിബയൽ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി. ചൈത്രവാഹിനി പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശം ഭീതിയിലാണ്. കൊന്നക്കാട് കേരള അതിർത്തിയിൽ കർണ്ണാടകയിൽ ഉരുൾപൊട്ടിയതായും വിവരമുണ്ട്.
മലയോരത്ത് പരക്കെ നാശം
കാഞ്ഞങ്ങാട്: കള്ളാർ വില്ലേജിൽ ഓട്ടക്കണ്ടത്തെ കൂറ്റൻ പാറ അപകടാവസ്ഥയിലായതിനാൽ പ്രദേശത്തെ മൂന്ന് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ബെള്ളൂർ വില്ലേജിലെ മൊടഗ്രാമം അഞ്ചാം വയൽ എ.വി. നാരായണന്റെ കിണർ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞ് ഉപയോഗശൂന്യമായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ചിറ്റാരിക്കാൽ വില്ലേജിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ 13ാം വാർഡിൽ പാലിയത്ത് ഷാജുവിന്റെ വീടിനു മൂകളിൽ താന്നിമരം കടപുഴകി വീണ് ഭാഗികമായി തകർന്നു.
360.39 ലക്ഷം രൂപയുടെ കൃഷി നാശം
ഈ മാസം 18, 19, 20 തീയതികളിൽ ജില്ലയിലുണ്ടായ കനത്ത മഴയിൽ 360.39 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി 204 ഹെക്ടർ നെൽകൃഷി നശിച്ചു. 85 തെങ്ങുകളും 65 കവുങ്ങുകളും നശിച്ചു. 20 ന് മാത്രം 310.22 ലക്ഷം രൂപയുടെ കൃഷി നാശമാണുണ്ടായത്.