കളമശേരി: പ്രാവുകളുടെ ചങ്ങാതിമാർ. ഏലൂർ മേടയ്ക്കൽ ശശീന്ദ്രനെയും ഭാര്യ ലളിതയെയും ഇങ്ങനെ വിളിച്ചില്ലങ്കിലെ അത്ഭുതമുള്ളൂ. കാരണം പ്രദേശത്തെ നൂറിലധികം പ്രാവുകളുടെ വിശപ്പകറ്റുത് ഈ ദമ്പതികളാണ്. ദിവസേന മൂന്ന് നേരമാണ് ഇവർ വിരുന്നെത്തുന്ന പ്രാവിൻ കൂട്ടത്തിന് ആഹാരം നൽകുന്നത്. ഒരു വർഷമായി തുടരുന്ന പതിവാണിത്.
പുലർച്ചെ ആറോടെ ഏലൂർ പച്ചമുക്കിലെ വീടിന് മുന്നിൽ പ്രാവുകൾ ഹാജരാകും. പിന്നെ ഭക്ഷണവുമായി ശശീന്ദ്രൻ എത്തും വരെ ചിറകടിച്ച് പറന്നും കുറുകിയും വീടിന് മുന്നിൽ തമ്പടിക്കും. ശശിന്ദ്രനോ ലളിതയോ മുറ്റത്തേക്ക് എത്താൻ വൈകിയാൽ കുറുകലിന്റെ ശബ്ദം കൂടും. വയറുനിറയെ പ്രഭാത ഭക്ഷണം കഴിച്ച് പറന്നകലുന്ന പ്രാവിൻ കൂട്ടും ഉച്ചയ്ക്ക് പന്ത്രണ്ടോടെയും വൈകിട്ട് നാലിനും പതിവ് തെറ്റാതെ എത്തും. ഗോതമ്പാണ് നൽകുന്നത്.
ഒരു ദിവസം മൂന്ന് കിലോ ഗ്രാം ഗോതമ്പ് പ്രാവുകൾ ശാപ്പിടും. ഒരോ മാസവും 25കിലോ ഗോതമ്പ് വാങ്ങി വയ്ക്കും.ചിലദിവസങ്ങൾ അരി നൽകും. എന്നാൽ പ്രാവുകൾക്ക് ഇഷ്ടം ഗോതമ്പാണെന്ന് ശശീന്ദ്രൻ പറയുന്നു. ഒന്നര വർഷം മുമ്പാണ് ശീശീന്ദ്രന്റെ വീട്ടിൽ ഒരു പ്രാവ് വിരുന്നെത്തിയത്. ഇതിന് ഭക്ഷണം നൽകിയതോടെ കൂടുതൽ പ്രാവുകൾ എത്തിത്തുടങ്ങി. ഇപ്പോൾ നൂറിലധികം പ്രാവുകളാണ് ഏലൂർ പച്ചമുക്കിലെ വീട്ടിലെ നിത്യസന്ദർശകർ. ഫാക്ടിലെ കോൺട്രാക്ടറായിരുന്നു ശശീന്ദ്രൻ.
ഞാൻ പ്രാവുകൾക്ക് അന്നം കൊടുക്കുന്നു. എനിക്കുള്ളത് ദൈവം തരും.
ശശീന്ദ്രൻ