കോലഞ്ചേരി: കൊവിഡ് പ്രതിരോധത്തിനിടെ പ്ളാസ്റ്റിക്ക് നിരോധനം അധികൃതരും ജനങ്ങളും മറന്നുപോയി. പ്ളാസ്റ്റിക്ക് അമിതോപയോഗത്തിനെതിരായ നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുന്നതിനിടെയാണ് കൊവിഡ് വന്നത്. ശേഷം പ്ളാസ്റ്റിക്ക് ഉപയോഗം പിടിവിട്ടു. ഇപ്പോൾ നാടും നഗരവും നിറയെ ഉപേക്ഷിക്കപ്പെട്ട നിരോധിത പ്ളാസ്റ്റിക്ക് കവറുകളുടെ കൂമ്പാരമാണ്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കിന് കഴിഞ്ഞ ജനുവരി ഒന്നു മുതലായിരുന്നു നിരോധനം. കൊവിഡ് വ്യാപനത്തിനിടയിൽ പരിശോധന കുറഞ്ഞതോടെയാണ് നിരോധിച്ച പ്ലാസ്റ്റിക്കിന്റെ ഉപയോഗം വീണ്ടും കൂടിയത്.
ആരോഗ്യവകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പ്ലാസ്റ്റിക് ഉപയോഗം കുറച്ചതെങ്കിലും കൊവിഡ് വ്യാപനത്തിന്റെ മറവിൽ നിയന്ത്രണം നിലച്ചുപോകുകയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.
ആരോഗ്യവിഭാഗവും, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരുമായിരുന്നു നിരോധിത പ്ളാസ്റ്റിക്കുകൾക്കെതിരെ നടപടി എടുക്കേണ്ടിയിരുന്നത്. ഇവരെല്ലാം തന്നെ കൊവിഡ് പ്രതിരോധ ജോലികളുടെ ഭാഗമായതോടെയാണ് പ്ളാസ്റ്റിക്ക് വ്യാപനം രൂക്ഷമായത്.
ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും പച്ചക്കറി, ഇറച്ചി, മത്സ്യക്കച്ചവടം, വഴിവാണിഭക്കാർ തുടങ്ങിയവർ വീണ്ടും പ്ളാസ്റ്റിക്ക് കവറുകളിലേക്ക് തിരിഞ്ഞു.
നിരോധിത പ്ളാസ്റ്റിക്കുകൾ ഉപയോഗിച്ചാൽ ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കാനുമായിരുന്നു നിർദ്ദേശം. ഒപ്പം സ്ഥാപനത്തിന്റെ പ്രവർത്തന അനുമതിയും റദ്ദാക്കും. കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല.
നിരോധിച്ച ഉൽപന്നങ്ങൾ
• പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ)
• പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്ളെക്സ് ഉൽപന്നങ്ങൾ
• 500 മില്ലി ലീറ്ററിനു താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ, ബ്രാൻഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ
• പ്ളാസ്റ്റിക്ക് മേശ വിരി
• തെർമോക്കോൾ പ്ലേറ്റുകളും കപ്പുകളും അലങ്കാര വസ്തുക്കളും
• ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂൺ, ഫോർക്ക്, സ്ട്രോ, ഡിഷുകൾ തുടങ്ങിയവ
• പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, പേപ്പർ ബാഗുകൾ
• പ്ലാസ്റ്റിക് കൊടികൾ
• പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
• നോൺ വൂവൺ ബാഗുകൾ