വൈപ്പിൻ : ആധാരമെഴുത്തുകാരുടെ ചൂഷണത്തെപ്പറ്റി നൂറ് നാക്കാണ് ജനത്തിന്. സർക്കാർ നിശ്ചയിച്ചതിലേറെ പ്രതിഫലം, സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർക്ക് കൊടുക്കുന്ന കൈക്കൂലി എന്നിവ ചേർത്താണ് ആധാരമെഴുത്തുകാർ വസ്തു വാങ്ങുന്നവയിൽ നിന്ന് പണം ഈടാക്കുന്നത്. ഭൂമി വില തീ പിടിച്ച് കയറിയപ്പോൾ ആധാരമെഴുത്തുകാരും അതിനൊപ്പിച്ച് പ്രതിഫലം കൂട്ടാൻ തുടങ്ങി.
പരാതികളേറിയപ്പോൾ 4 വർഷം മുൻപ് സർക്കാർ ഉത്തരവിറക്കി, ഇനിമുതൽ ആർക്കും ആധാരമെഴുതാമെന്ന്.
ആധാരങ്ങളുടെ ഫോർമാറ്റും സർക്കാർ പ്രസിദ്ധീകരിച്ചു. 19 ഇനങ്ങളിലെ ആധാരങ്ങളാണ് വെബ് സൈറ്റിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ആർക്കും ആധാരമെഴുതാം. എന്നാൽ നല്ല തുക കൊടുത്ത വാങ്ങുന്ന ഭൂമിയുടെ ആധാരം ലൈസൻസുള്ളവരും ഈ രംഗത്തെ ദീർഘപരിചയമുള്ളവരുമായ ആധാരമെഴുത്തുകാർ എഴുതിയില്ലെങ്കിൽ ഭാവിയിൽ പൊല്ലാപ്പാവുമെന്ന ഭയമാണ് മിക്കവർക്കും. സർവ്വേ നമ്പർ, സബ് ഡിവിഷനുകൾ, മുന്നാധാരം പരിശോധിച്ച്നിയമപരമായ പോരായ്മകൾതീർക്കൽഎന്നിവ തങ്ങളെക്കൊണ്ടാവില്ല എന്ന ഭീതിയും പൊതുജനത്തിനുണ്ട്.
രാജ്യാന്തര പ്രശസ്തനായ പരേതനായ പത്രപ്രവർത്തകന്റെ വസ്തു വാങ്ങിയ നിയമബിരുദധാരി ആധാരം സ്വന്തമായി എഴുതാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ആധാരമെഴുത്തുകാർ തന്നെയാണ് എഴുതി രജിസ്ട്രാക്കിയത്.
ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ജീവനക്കാർ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല ആശങ്കയും സംശയങ്ങളും മൂർച്ഛിപ്പിക്കാൻ ആധാരമെഴുത്തുകാർക്കൊപ്പം ഇവരും കൂടുന്നുണ്ട്.
സബ് രജിസ്ട്രാർ ഓഫീസുകളിലെ തിരക്കും മറ്റും അന്വേഷിച്ച് രജിസ്ട്രേഷൻ സമയമൊക്കെ സബ് രജിസ്ട്രാറുമായി സംസാരിച്ച് രജിസ്ട്രേഷൻ ഊഴം നിശ്ചയിച്ചുറപ്പിക്കുന്നത് ആധാരമെഴുത്തുകാരാണ്. അപരിചിതർ ഇതിനായി ഓഫീസുമായി ബന്ധപ്പെട്ടാൽ പെട്ടെന്ന് തിയതിയും സമയവും ഒന്നും ഒത്തു വരില്ല.
ഈ വക പ്രയാസങ്ങളും പുറമേയുണ്ട്. പൊതുജനങ്ങളുടെ കഷ്ടപ്പാട് ഒഴിവാക്കുവാൻ സർക്കാർ കൊണ്ടുവന്ന പുതിയ രീതി ഫലത്തിൽ പ്രയോജനരഹിതമായി തുടരുന്നു.
ആധാരം സ്വന്തമായി എഴുതി രജിസ്റ്റർ ചെയ്യണമെങ്കിൽ ഐ.ഡി ക്രിയേറ്റ് ചെയ്തു കമ്പ്യൂട്ടറിൽ തെറ്റൊന്നും വരുത്താതെ ഇടപാട് വിവരങ്ങൾ ചേർക്കണം. ഇത് മിക്കവർക്കും പ്രയാസകരമായ കാര്യമാണ്. സ്വന്തമായി എഴുതിയ ഒരാധാരവും കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുഴുപ്പിള്ളി എസ്.ആർ.ഒയിൽ തീറാധാരം നടത്തിയിട്ടില്ല. വരുന്നവരെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ.
സബ് രജിസ്ട്രാർ
കുഴുപ്പിള്ളി
വ്യക്തികൾക്ക് സ്വന്തമായി ആധാരമെഴുതുവാൻ നിയമം വന്നതിന്റെ പേരിൽ ആധാരമെഴുത്ത് കുറഞ്ഞിട്ടില്ല. മറ്റ് കാരണങ്ങളാൽ വസ്തു ഇടപാട് കുറഞ്ഞതിനാൽ ജോലി കുറഞ്ഞിട്ടുണ്ട്.
വെങ്കിടേശ്വര ഭട്ട്,
ആധാരമെഴുത്ത് ലൈസൻസി
പള്ളിപ്പുറം.
പരിശീലനം നൽകണം
സ്വന്തമായി ആധാരം എങ്ങിനെ രജിസ്റ്റർ ചെയ്യാമെന്ന് ജനങ്ങളെ ബോധവത്കരിക്കാനും പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാനും രജിസ്ട്രേഷൻ വകുപ്പ് തയ്യാറകണം. ഇതുസംബന്ധിച്ച അടിസ്ഥാനപരമായ അറിവുകൾ ലഭ്യമല്ലാത്തതാണ് ജനങ്ങളിൽ വിശ്വാസം സൃഷ്ടിക്കാത്തത്.
സുനിൽകുമാർ
സ്വന്തമായി ആധാരം രജിസ്റ്റർ ചെയ്തയാൾ