ന്യൂഡൽഹി: കർഷക ബില്ലിനെതിരായ പ്രതിഷേധത്തിനിടെ ഞായറാഴ്ച രാജ്യസഭയിൽ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം അംഗങ്ങളായ എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരുൾപ്പെടെ എട്ട് എം.പിമാരെ മൺസൂൺ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് സസ്പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് എട്ടു പേർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി.
ഡെറിക് ഒബ്രിയാൻ (തൃണമൂൽ),സഞ്ജയ് സിംഗ് (ആം ആദ്മി),രാജീവ് സതവ്, സൈദ് നസീർ ഹുസൈൻ, റിപുൻ ബോറ(കോൺഗ്രസ്) എന്നിവരാണ് നടപടി നേരിട്ട മറ്റ് എം.പിമാർ. സസ്പെൻഡ് ചെയ്യപ്പെട്ടവർ പുറത്തു പോകാത്തതിനാൽ അഞ്ചുതവണ രാജ്യസഭ നിറുത്തിവയ്ക്കേണ്ടിവന്നു.
അതേസമയം, വോട്ടെടുപ്പ് അനുവദിക്കാതെ ചട്ടംലംഘനം നടത്തിയെന്ന് ആരോപിച്ച് രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗിനെതിരെ ഗുലാംനബി ആസാദും മറ്റ് 46 എം.പിമാരും ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ചെയർമാൻ വെങ്കയ്യനായിഡു തള്ളി. ചട്ടപ്രകാരം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ 14 ദിവസം നോട്ടീസ് കാലാവധി വേണമെന്നത് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഒക്ടോബർ ഒന്നിന് സമ്മേളനം അവസാനിക്കും.
മോശമായി പെരുമാറിയ എം.പിമാരെ സസ്പെൻഡ് ചെയ്യണമെന്ന പ്രമേയം പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരനാണ് അവതരിപ്പിച്ചത്. എം.പിമാരുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണമെന്നും വോട്ടെടുപ്പ് വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം ചെയർമാൻ തള്ളി. ശബ്ദവോട്ടോടെ പ്രമേയം അംഗീകരിച്ചു.
നടപടിക്ക് വിധേയരായ അംഗങ്ങൾ സഭ വിടണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ പ്രതിഷേധം തുടർന്നു. ഇതിനിടെ ഇൻഫർമേഷൻ ടെക്നോളജി നിയമഭേദഗതി ബിൽ മന്ത്രി രമേഷ് പൊക്രിയാൽ അവതരിപ്പിച്ചു.സഭ ഇന്നലത്തേക്ക് പിരിഞ്ഞതോടെ സസ്പെൻഡ് ചെയ്യപ്പെട്ടവർ സത്യാഗ്രഹം ആരംഭിച്ചു. ബില്ലിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് 12 പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയെ കാണാൻ സമയം തേടി കത്തയച്ചു. ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു.