വാഷിംഗ്ടൺ: ട്രംപിനെ ലക്ഷ്യമാക്കി വൈറ്റ് ഹൗസിലേക്ക് വിഷം പുരട്ടിയ കത്ത് അയച്ച സംഭവത്തിൽ യുവതി അറസ്റ്റിലായതായി റിപ്പോർട്ട്. കാനഡ - അമേരിക്ക അതിർത്തിയിൽ നിന്ന് യു.എസ് കസ്റ്റംസ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരാണ് യുവതിയെ പിടികൂടിയത്. യുവതിയുടെ പേര് വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
കത്ത് അയച്ചത് കാനഡയിൽ നിന്നാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. വൈറ്റ് ഹൗസിൽ എത്തുന്നതിനു മുമ്പ് മെയിൽ സെന്ററിൽ വച്ച് നടത്തിയ പരിശോധനയിലാണ് കത്തിൽ വിഷം പുരട്ടിയതായി കണ്ടെത്തിയത്.
ജൈവായുധമായി ഉപയോഗിക്കാവുന്ന റിസിൻ ആണ് കത്തിൽ കണ്ടെത്തിയത്. ഇത് ഏതെങ്കിലും വിധത്തിൽ ഉള്ളിൽ ചെന്നാൽ മരണത്തിന് കാരണമാകും. കടുകു മണിയോളം വിഷം ഉള്ളിലെത്തിയാൽ 32-72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. റിസിന്‍ മറുമരുന്നുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. 2014ൽ ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്തും ഇത്തരത്തിൽ വിഷം പുരട്ടിയ പാഴ്സലുകൾ വൈറ്റ് ഹൗസിനെ തേടിയെത്തിയിട്ടുണ്ട്. ആ സംഭവത്തിൽ പിടിയിലായ മിസിസിപ്പി സ്വദേശി ജെയിംസ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.