പത്തനംതിട്ട: ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത 183ന് വേണ്ടി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ ദേശീയ പാത വികസന അതോറിറ്റിക്ക് കൈമാറി. കൊല്ലം - ഡിണ്ടിഗൽ ദേശീയപാതയുടെ ലിങ്കായിട്ടാണ് റോഡ് വികസനം. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചാണ് ദേശീയപാത ഒരുങ്ങുന്നത്. കൊല്ലം, മൂവാറ്റുപുഴ ദേശീയപാത ഡിവിഷനുകളുടെ കീഴിലാകും റോഡ്. കൊല്ലം ഭരണിക്കാവിൽ നിന്നാരംഭിച്ച് പത്തനംതിട്ടയിലെ ഏഴാംമൈലിൽ പ്രവേശിച്ച് കടമ്പനാട്, നെല്ലിമൂട്ടിൽപ്പടി, അടൂർ, ആനന്ദപ്പള്ളി, തട്ട, കൈപ്പട്ടൂർ, ഓമല്ലൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാരക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, പ്ലാപ്പള്ളി, കണമല, എരുമേലി, പുലിക്കുന്ന് വഴിയാണ് മുണ്ടക്കയത്തെത്തി ഭരണിക്കാവ് - കൊല്ലം - ഡിണ്ടിഗൽ ദേശീയപാതയിൽ ചേരുന്നത്.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു കൂടി കടന്നുപോകുന്ന റോഡ് അടൂരിൽ എം.സി റോഡും മറികടക്കുന്നുണ്ട്. മൈലപ്ര മുതൽ മണ്ണാരക്കുളഞ്ഞി വരെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെയും മണ്ണാരക്കുളഞ്ഞി മുതൽ ചാലക്കയം വരെയും പ്ലാപ്പള്ളി മുതൽ എരുമേലിവരെയും ശബരിമല പാതകളിലൂടെയുമാണ് കടന്നുപോകുന്നത്. നാലുവരി പാതയായി വികസിപ്പിക്കാനാണ് നിർദേശം. ടൗണുകളിൽ റോഡ് വികസനത്തിനു തടസമുണ്ടാകുന്ന പക്ഷം ബൈപാസുകളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. കൈപ്പട്ടൂർ, ഓമല്ലൂർ, താഴെവെട്ടിപ്രം എന്നിവിടങ്ങളിൽ ബൈപാസ് നിർദേശമുണ്ട്.
ടൗൺഭാഗങ്ങളിൽ സ്ഥലമേറ്റെടുത്ത് നാലുവരി പാത നിർമാണം ബുദ്ധിമുട്ടാകുമെന്നതിനാൽ ആന്റോ ആന്റണി എം.പി നൽകിയ നിർദേശത്തെ തുടർന്നാണ് ബൈപാസ് നിർമിക്കാൻ തീരുമാനിച്ചത്. പത്തനംതിട്ട ടൗൺ ബൈപാസ് നിർദേശം നിലവിലെ റിംഗ് റോഡ് വികസിപ്പിച്ചുകൊണ്ടാകും. നിലവിലെ റോഡിൽ ദേശീയപാത നിലവാരത്തിൽ ആദ്യഘട്ടത്തിൽ ടാറിംഗ് നടത്തും. ഇതിനായി 30.18 കോടി രൂപ അനുവദിച്ചിരുന്നു. ഭരണിക്കാവ് മുതൽ അടൂർ നെല്ലിമൂട്ടിൽപ്പടി വരെയുള്ള 16 കിലോമീറ്റർ ഈ നിലയിൽ ടാറിംഗ് പൂർത്തീകരിച്ചതാണ്. കണമല മുതൽ എരുമേലിവരെയുള്ള
14 കിലോമീറ്ററിലും നവീകരണം ആരംഭിച്ചിട്ടുണ്ട്.
ഭരണിക്കാവ് - മുണ്ടക്കയം പാതയുടെ ദൂരം 116 കിലോമീറ്റർ
കൈപ്പട്ടൂർ, ഓമല്ലൂർ, താഴെവെട്ടിപ്രം എന്നിവിടങ്ങളിൽ ബൈപാസ്
കൈപ്പട്ടൂരിലും വടശേരിക്കരയിലും പുതിയ പാലം
ആദ്യഘട്ട ടാറിംഗിന് 30.18കോടി
'' പാതയുടെ അലൈൻമെന്റ് നിശ്ചയിച്ചത് ഇന്ത്യൻ ഹൈവേ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നാലുവരിപ്പാതയുടെ നിർമാണം ആരംഭിക്കാനാകും.
ആന്റോ ആന്റണി എം.പി