കൊല്ലം: കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഗീതാറാണിക്കെതിരെ ചവറ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ചവറ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.
കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. അതേസമയം കെ.എം.എം.എല്ലിൽ ഇലക്ട്രോണിക് മെക്കാനിക്ക് തസ്തകിയിൽ ജോലി വാഗ്ദാനം ചെയ്ത് ചവറ മടപ്പള്ളി സ്വദേശിയായ യുവാവിനെ കബളിപ്പിച്ച കേസിൽ ചവറ പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഗീതാറാണിയെയും സദാനന്ദനെയും തട്ടിപ്പിന് സഹായിച്ച രണ്ടുപേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞു.
കരുനാഗപ്പള്ളി, കൊല്ലം സ്വദേശികളായ ഇവർ ഗീതാറാണിയും സദാനന്ദനും അറസ്റ്രിലായ വാർത്ത അറിഞ്ഞതോടെ നാടുവിട്ടിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. മടപ്പള്ളി സ്വദേശിയായ യുവാവിനെ കബളിപ്പിച്ച കേസിന്റെ അന്വേഷണവും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത പുതിയ കേസിൽ ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുക്കും.
ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴുപേരിൽ നിന്നായി 35 ലക്ഷം തട്ടിയ കേസിൽ കൊട്ടാരക്കര പൊലീസും ഗീതാറാണിക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊട്ടാരക്കര പൊലീസും വരും ദിവസങ്ങളിൽ ഗീതാറാണിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ജോലി തട്ടിപ്പിനായി നിയമന ഉത്തരവുകളും വ്യാജ ലെറ്റർ പാഡുകളും സീലുകളും നിർമ്മിച്ച മംഗലാപുരം സ്വദേശി സന്തോഷ്, റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പുകളുടെ മുഖ്യസൂത്രധാരനായ ഒറ്റപ്പാലം സ്വദേശിയും ഇപ്പോൾ ചെന്നൈയിൽ താമസക്കാരനുമായ രാജേഷ് എന്നിവർക്കായുള്ള അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
ഗീതാറാണി പിടിയിലായ വിവരം അറിഞ്ഞതോടെ ഇവരും ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ഇപ്പോഴും കൂടുതൽ പേർ പൊലീസിനെ സമീപിക്കുന്നുണ്ട്. തട്ടിപ്പിലൂടെ സ്വരൂപിച്ച പണം കണ്ടെത്താനായി ഇരുവരുടെയും സുഹൃത്തുക്കളായ ചിലരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.