ആലപ്പുഴ: റേഷൻകടകളിൽ പൊതുവിഭാഗത്തിന് വിതരണം ചെയ്യാനുള്ള പുഴുക്കലരിക്ക് ക്ഷാമമുണ്ടെന്ന പരാതികളുയരവേ, കടകളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് സിവിൽ സപ്ലൈസ് അധികൃതരുടെ വാദം.
അമ്പലപ്പുഴ താലൂക്കിലെ റേഷൻ കടകളിലാണ് പൊതുവിഭാഗത്തിനുള്ള അരിക്ക് ക്ഷാമം. അലോട്ട്മെന്റ് സമയത്ത് ഉദ്യോഗസ്ഥർ വരുത്തിയ പിഴവാണ് പിന്നിലെന്ന് റേഷൻ വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. പൊതുവിഭാഗമായ വെള്ളക്കാർഡിന് ഈ മാസം മൂന്നു കിലോ അരിയാണുള്ളത്. രണ്ടു കിലോ പുഞ്ചയരി, ഒരു കിലോ പുഴുക്കലരി എന്ന ക്രമത്തിലാണ് വിതരണം. നീലകാർഡുകാർക്ക് നൽകേണ്ട ഒരു കിലോ വീതം പച്ചരിയും സ്റ്റോക്കില്ലാത്തതിനാൽ വിതരണം മുടങ്ങി.
ഗോഡൗണിൽ ആവശ്യത്തിന് അരി സ്റ്റോക്കുണ്ടെന്നും ഉദ്യോഗസ്ഥരുടെ അലംഭാവമാണ് സ്ഥിതി വഷളാക്കുന്നതെന്നും റേഷൻ വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. വാതിൽപ്പടി വിതരണം കാര്യക്ഷമമാക്കണം. നിലവിൽ റേഷൻകടകളിൽ സ്റ്റോക്കുള്ള ഭക്ഷ്യധാന്യം നൽകാൻ കഴിയുംവിധം ഇ- പോസ് ക്രമീകരണം നടത്തി പ്രശ്നം പരിഹരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. സിവിൽ സപ്ലൈസ് അധികൃതർക്ക് ഇത് സംബന്ധിച്ച് രേഖാമൂലം പരാതി സമർപ്പിച്ചിരിക്കുകയാണ് വ്യാപാരികൾ.
അരി സ്റ്റോക്കില്ലെന്ന പരാതികൾ ലഭിച്ചിട്ടില്ല. എല്ലാ കടകളിലും ആവശ്യത്തിന് സ്റ്റോക്കുണ്ട്. എവിടെങ്കിലും പോരായ്മകളുണ്ടെങ്കിൽ ഉടനടി പരിഹരിക്കും
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ
അലോട്ട്മെന്റ് സമയത്ത് ഉദ്യോഗസ്ഥർ കാട്ടിയ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണം. ഗോഡൗണിൽ ആവശ്യത്തിന് അരി സ്റ്റോക്കിരിക്കുമ്പോഴാണ്, ഇവിടെ ജനം കാത്തിരിക്കുന്നത്. ഉടൻ പ്രശ്നപരിഹാരമാകുമെന്നാണ് പ്രതീക്ഷ
എൻ.ഷിജീർ, കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി