തായ്പേയ്: ചൈന അവകാശവാദം ഉന്നയിക്കുന്ന തായ്വാനുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതിനിടെ പസഫിക് സമുദ്രത്തിലെ അമേരിക്കൻ സൈനികതാവളത്തിന് നേരെ ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായി ചൈനീസ് വ്യോമസേന.
പസിഫിക് സമുദ്രത്തിലെ ഗുവാം എയർബേസിന് നേർക്ക് ആക്രമണം നടത്തുന്നു എന്ന പ്രതീതിയിലുള്ള വീഡിയോയാണ് ചൈനയുടെ വ്യോമസേന പുറത്തുവിട്ടത്. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള എച്ച്- 6 ബോംബർ വിമാനങ്ങൾ ഗുവാം ദ്വീപിലെ ആൻഡേഴ്സൺ എയർഫോഴ്സ് ബേസിൽ മിസൈലുകൾ വർഷിക്കുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വീബോയിലാണ് സൈനിക അഭ്യാസത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പസഫിക്കിൽ ചൈന, ജപ്പാൻ, ഫിലിപ്പീൻസ് രാജ്യങ്ങളോട് ചേർന്നുള്ള അമേരിക്കൻ അധീന ദ്വീപാണ് ഗുവാം. ഏഷ്യയിലെ സൈനിക നീക്കങ്ങൾക്കുള്ള യു.എസ് സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രവും ഗുവാമാണ്. തായ്വാനിൽ കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടുതവണയാണ് അമേരിക്കൻ സർക്കാർ പ്രതിനിധികൾ എത്തിയത്. ഇതിന് പിന്നാലെയാണ് മേഖലയിൽ സൈനിക ഡ്രില്ലുകൾക്ക് ചൈനീസ് സൈന്യം തുനിഞ്ഞത്.
സ്ഥിരമായി ചൈന തായ്വാൻ മേഖലയിൽ പറത്തുന്ന വിമാനമാണ് എച്ച്-6 ബോംബറുകളെന്ന് തായ്വാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈന പുറത്തിറക്കിയ വീഡിയോയെക്കുറിച്ച് പരസ്യപ്രതികരണങ്ങൾക്ക് യു.എസ്, ചൈനീസ് സർക്കാരുകൾ തയാറായിട്ടില്ല. എന്നാൽ, ഈ ദൃശ്യങ്ങൾ ഹോളിവുഡ് സിനിമകളിൽ നിന്ന് കോപ്പിയടിച്ചതാണെന്നും റിപ്പോർട്ടുണ്ട്.