തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ആറ് മാസത്തേക്ക് കൂടി നീട്ടിയതിനെ ഭരണാനുകൂല സംഘടനകൾ പോലും എതിർത്തതിനെ തുടർന്ന് ധനമന്ത്രി വിളിച്ചുകൂട്ടിയ സർവീസ് സംഘടനാ നേതാക്കളുടെ ഓൺലൈൻ യോഗം ഇന്ന് വൈകിട്ട് നാലിന് നടക്കും. ചില ആശ്വാസ നടപടികൾ മന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ലീവ് സറണ്ടർ തുകയെങ്കിലും അനുവദിക്കണമെന്ന് സർക്കാർ അനുകൂല സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഓണം അഡ്വാൻസ് തത്കാലം തിരിച്ചു പിടിക്കാതിരിക്കുക, പി.എഫിൽ നിന്നുള്ള വായ്പാ തിരിച്ചടവിന് സമയം നൽകുക എന്നീ ഇളവുകളും മന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.
അതേസമം, തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗങ്ങളിൽ നിന്ന് വലിയ തുക പിരിച്ചെടുക്കാനും ഭരണ കക്ഷിയൂണിയനുകൾ ശ്രമിക്കുന്നുണ്ട്. ഗസറ്റഡ് ഓഫീസർമാരിൽ നിന്ന് 10,000 രൂപയും എൻ.ജി.ഒ മാരിൽ നിന്ന് 5000 രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 100 കോടി രൂപയെങ്കിലും പിരിക്കാനാണ് നീക്കം. തങ്ങളുടെ സമ്മർദ്ദത്താൽ സറണ്ടർ തുക തിരിച്ചു നൽകിയാൽ ഇത് പിരിച്ചെടുക്കൽ എളുപ്പമാകുമെന്ന് യൂണിയൻ നേതാക്കൾ കരുതുന്നു.
സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ധനമന്ത്രി സംഘടനാ നേതാക്കളോട് വിശദീകരിക്കും. ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നതും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തേണ്ടതും വെല്ലുവിളിയാണ്. ശമ്പളം പിടിക്കലിനെതിരെ പണിമുടക്കിനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം.