പെരിന്തൽമണ്ണ: മൂർക്കനാട് പാലൂർകോട്ട കുളത്തൂർ റോഡിനോട് ചേർന്ന് മൂന്നാം വാർഡിലെ പാറയ്ക്കൽകുണ്ടിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ കഴിഞ്ഞ ദിവസം രാത്രി രണ്ടുലോഡ് മാലിന്യം തള്ളി. ആശുപത്രി മാലിന്യമുൾപ്പെടെ മാലിന്യം പ്രദേശത്തെ നീരുറവയായ പഴയ ക്വാറിയോട് ചേർന്നാണ് തള്ളിയത്. ശക്തമായ മഴ പെയ്യുന്നതിനാൽ മാലിന്യം ക്വാറിയിലേക്കും താഴെയുള്ള കൈത്തോടിലേക്കുമാണ് എത്തുന്നത്. ഇതോടെ കുടിവെള്ളമുൾപ്പെടെ മലിനമാവുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും, ഇവ നീക്കം ചെയ്യണമെന്നും കാണിച്ച് ആരോഗ്യ വകുപ്പിനും, പഞ്ചായത്തിനും പൊലീസിനും പരാതി നൽകാനിരിക്കുകയാണ് നാട്ടുകാർ.