തിരുവനന്തപുരം: കേരള നവോത്ഥാന മണ്ഡലത്തിൽ മുൻപന്തിയിലുള്ള മഹദ്വ്യക്തികൾക്ക് വിവിധ ജില്ലകളിൽ സ്മാരകങ്ങൾ നിർമ്മിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായി സാംസ്കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്റെ വെങ്കല പ്രതിമ തലസ്ഥാനത്ത് അനാവരണം ചെയ്യുന്ന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല സർക്കാർ കൊല്ലത്ത് സ്ഥാപിക്കുന്നുണ്ട്. 55 കോടി രൂപ ചെലവിൽ കൊല്ലത്ത് ഗുരുവിന്റെ പേരിലുള്ള സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഗുരുവിനെ ചിലർ ഒരു ജാതിയുടെ നേതാവായി കാണുന്നു. സർക്കാരിന്റെ കാഴ്ചപ്പാട് അതല്ല. ഗുരു സന്ദേശം ഉൾക്കൊണ്ട് സർവരും സോദരത്വേന വാഴുന്ന മാതൃകാ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.