ന്യൂഡൽഹി: രാജ്യസഭ പാസാക്കിയ കർഷക ബില്ലുകളിൽ ആശങ്കപ്പെടുന്ന ഇടനിലക്കാരുടെ വക്താക്കളായാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
ബില്ലുകളുടെ പേരിൽ കർഷകർക്ക് ആശങ്കയില്ല. കേരളത്തിൽ സി.പി.എം ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് എന്തിനെന്നും മനസിലാകുന്നില്ല. കേരളത്തിൽ നിലവിലുള്ള നിയമം റദ്ദാക്കായിയെന്ന് പറഞ്ഞാണ് സമരം.നിയമം വന്നാൽ സംസ്ഥാനത്ത് നാളികേരമടക്കം ഏത് ഉൽപ്പന്നവും ഏതു സ്ഥലത്തും വിൽക്കാനാവും.
രാജ്യസഭയിൽ ഉപാദ്ധ്യക്ഷന്റെ മേശപ്പുറത്ത് കയറി നിന്ന് മൈക്ക് വലിച്ചൊടിച്ചതടക്കം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവരെയാണ് സസ്പെൻഡ് ചെയ്തത്. അതിന് ശേഷം പുറത്തു പോകാൻ കൂട്ടാക്കാതെ സഭാ നടപടി തടസപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. .കുപ്രചരണങ്ങൾ ജനം തിരിച്ചറിയും.കെ.കെ. രാഗേഷ് എം..പി മാർഷലുകളെ ആക്രമിക്കുകയായിരുന്നു. എന്നിട്ട് ,തന്നെ ആക്രമിച്ചെന്ന് പരാതി പറയുന്നതിൽ കാര്യമില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
കർഷക സമരത്തിന് 5 ഇടതുപാർട്ടികളുടെ പിന്തുണ
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ അഖിലേന്ത്യ കിസാൻസംഘർഷ് കോ ഒാർഡിനേഷൻ കമ്മിറ്റി സെപ്തംബർ 25ന് നടത്തുന്ന പ്രതിഷേധദിനത്തിന് അഞ്ച് ഇടതുപാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് സി.പി.എം, സി.പി.ഐ, സി.പി.ഐ. എം.എൽ–ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്,ആർ.എസ്.പി എന്നീ പാർട്ടികൾ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ തകർക്കുന്ന ബില്ലുകൾ പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി, ഡി.രാജ, ദീപാങ്കർ ഭട്ടാചാര്യ, ദേബബ്രത ബിശ്വാസ്, മനോജ് ഭട്ടാചാര്യ എന്നിവർ ആവശ്യപ്പെട്ടു.
ബില്ല് രാഷ്ട്രപതി മടക്കണം: സി.പി.എം
ന്യൂഡൽഹി: നിയമവിരുദ്ധമായി പാസാക്കിയ കാർഷിക ബില്ലുകൾ രാജ്യസഭ വീണ്ടും പരിഗണിക്കാൻ ഭരണഘടനയുടെ 111–ാം വകുപ്പ് പ്രകാരം മടക്കി അയയ്ക്കണമെന്ന് രാഷ്ട്രപതിയോട് സി.പി.എം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ബില്ലിനെതിരെ പ്രതിപക്ഷ കക്ഷകളെല്ലാം അണിനിരന്നതിനാൽ സർക്കാരിന് ഭൂരിപക്ഷമില്ലായിരുന്നു. എന്നാൽ പാർലമെന്ററി നടപടിക്രമങ്ങളും വോട്ടെടുപ്പിനുള്ള എം.പിമാരുടെ അവകാശങ്ങളും അട്ടിമറിച്ച് സർക്കാർ തിരക്കിട്ട് ബില്ലുകൾ പാസാക്കുകയായിരുന്നെന്നും പി.ബി പ്രസ്താവനയിൽ പറഞ്ഞു.
ബില്ലുകൾക്കെതിരായ കർഷകസംഘടനകൾ 25ന് നടത്തുന്ന അഖിലേന്ത്യ പ്രതിഷേധത്തിന് സി.പി.എം പിന്തുണയ്ക്കും.