മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടിമാരായ ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ഈ ആഴ്ച തന്നെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തേക്കും. ഈ ആഴ്ച അവസാനത്തിൽ എൻ.ബി.സി ഇരുവർക്കും സമൻസ് അയയ്ക്കുമെന്നാണ് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സുശാന്തിന് ലഹരി എത്തിച്ചു കൊടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിയ ചക്രവർത്തിയെ ചോദ്യം ചെയ്തപ്പോൾ ബോളിവുഡിലെ യുവതാരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു.
ഭൂരിഭാഗം താരങ്ങളും ലഹരി ഉപയോഗിക്കുന്നവരാണെന്ന റിയയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇരുപത്തഞ്ചോളം പേരെയാണ് എൻ.ബി.സി നിരീക്ഷിക്കുന്നത്.
സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി, റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ ജോലിക്കാർ, ബോളിവുഡുമായി അടുത്ത ബന്ധമുള്ള ലഹരിക്കടത്തുകാർ എന്നിവരുൾപ്പെടെ 11 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.