നിബന്ധനകൾ കർക്കശം, വലഞ്ഞ് ഡ്രൈവിംഗ് പഠിതാക്കൾ
ആലപ്പുഴ: ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള തടസം നീങ്ങിയെങ്കിലും കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പഠിതാക്കൾക്ക് വിലങ്ങുതടിയാവുന്നു. അതുകൊണ്ടുതന്നെ തത്കാലത്തേക്കെങ്കിലും ടെസ്റ്റിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ് ഭൂരിഭാഗം പേരും.
മുൻപ് പരാജയപ്പെട്ടവർക്കു വേണ്ടിയാണ് ഒക്ടോബർ 15 വരെ ടെസ്റ്റുകൾ നിശ്ചയിച്ചിരിക്കുന്നത്. നിബന്ധനകളിലെ കാർക്കശ്യമാണ് ടെസ്റ്റിന് ആളെത്താത്തതിന് കാരണമായി അധികൃതർ വിലയിരുത്തുന്നത്.കൊവിഡ് ഇല്ലെന്ന്, താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് നേടണം. കണ്ടെയിൻമെന്റ് സോണിൽ നിന്നല്ല വരുന്നതെന്ന സർട്ടിഫിക്കറ്റും വേണം. എന്നാൽ ഇവ ലഭിക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നതായാണ് പഠിതാക്കൾ പറയുന്നത്.
അപേക്ഷകർക്ക് ഓൺലൈൻ വഴിയാണ് ടെസ്റ്റിനുള്ള തീയതി ലഭിക്കുന്നത്. ജില്ലയിൽ ബുധൻ, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ് റോഡ് ടെസ്റ്റ്. അപേക്ഷകർ സാക്ഷ്യപത്രമുൾപ്പടെയുള്ള നിശ്ചിത രേഖകളുമായെത്തിയാൽ ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വിഭാഗം സന്നദ്ധരാണ്. ചുമ, പനി, തുമ്മൽ, മറ്റ് രോഗ ലക്ഷണങ്ങളുള്ളവർ, ഇതര സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ എത്തി 28 ദിവസം പൂർത്തിയാക്കാത്തവർ, 65 വയസിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ അനുവാദമില്ല. ടെസ്റ്റിന് ഹാജരാകുന്നവർക്കൊപ്പം സുഹൃത്തുക്കളോ, കുടുംബാംഗങ്ങളോ വരാനും പാടില്ല. സാനിട്ടൈസർ, ടിഷ്യുപേപ്പർ, പേന എന്നിവ കരുതണം. വായൂം മൂക്കും മറയ്ക്കത്തക്ക വിധം മാസ്കും, ഗ്ലൗസും ധരിക്കണം.
..............................
അനുമതിയുള്ളവർ
ലോക്ക് ഡൗണിന് മുമ്പ് ലേണേഴ്സ് എടുത്തവർക്കും, മുൻ ടെസ്റ്റുകളിൽ പരാജയപ്പെട്ടവർക്കും ഒക്ടോബർ 15 വരെ ടെസ്റ്റിൽ പങ്കെടുക്കാം. ശേഷം പുതിയ അപേക്ഷർക്ക് അവസരം ലഭിക്കും
........................
ടെസ്റ്റിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷയ്ക്ക് ഇതുവരെ ആരും ഹാജരായിട്ടില്ല. സാക്ഷ്യപത്രമുൾപ്പെടെ രേഖകളുമായെത്തുന്നവർക്ക് ടെസ്റ്റിൽ പങ്കെടുക്കാനവാവും. പൂർണ സുരക്ഷയോടെയാവും പരീക്ഷ നടത്തിപ്പ്
പി.ആർ.സുമേഷ്, ആർ.ടി.ഒ