മലപ്പുറം: തദ്ദേശസ്ഥാപനങ്ങളിലും വിവിധ എൻ.എഫ്.എസ്.എ ഗോഡൗണുകളിലും കെട്ടിക്കിടക്കുന്നതും പുഴുവരിച്ചതുമായ അരിയും കടലയും ജില്ലയിലെ മുൻഗണനാ കാർഡുകൾക്ക് വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ നീക്കം. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നൽകാനായി കേന്ദ്ര സർക്കാർ അനുവദിച്ച 1,555 മെട്രിക്ക് ടൺ അരിയും 120 മെട്രിക്ക് ടൺ കടലയുമാണ് ഇത്തരത്തിൽ വിതരണം ചെയ്യുക. മേയ്, ജൂൺ മാസങ്ങളിൽ അഞ്ച് കിലോ വീതം അരിയും രണ്ട് കിലോ കടലയും നൽകാൻ കേന്ദ്രസർക്കാർ അനുവദിച്ചതാണിത്. കെട്ടിക്കിടന്നും യഥാവിധി സൂക്ഷിക്കാതെയും പുഴുവരിച്ചും ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തിലാണിത്. തദ്ദേശസ്ഥാപനങ്ങളിൽ സൂക്ഷിച്ച അരി എലിയും മറ്റും തിന്ന് നശിച്ച നിലയിലുമാണ്. ഇതാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന(പി.എം.ജി.കെ.വൈ) പദ്ധതിയിലേക്ക് മാറ്റി മുൻഗണനാ വിഭാഗക്കാർക്ക് നൽകാൻ സിവിൽ സപ്ലൈസ് വകുപ്പ് നീക്കം നടത്തുന്നത്. പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം നവംബർ വരെ നൽകാനുള്ള അഞ്ച് കിലോ അരിയും ഒരു കിലോ കടലയും കേന്ദ്രം അനുവദിച്ചു വരുന്നുണ്ട്. കെട്ടിക്കിടക്കുന്ന അരിയും കടലയും ഇതിലേക്ക് മാറ്റുന്നതോടെ ഫലത്തിൽ പലയിടങ്ങളിലും ലഭിക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയും കടലയുമാവും.
അരി വാങ്ങാൻ ആളില്ല
ഇതര സംസ്ഥാന തൊഴിലാളികൾക്കായി മേയ്, ജൂൺ മാസങ്ങളിൽ വിതരണം ചെയ്യാനാണ് അരി അനുവദിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിൽ സമയപരിധി ആഗസ്റ്റ് വരെ നീട്ടി. സെപ്തംബർ മുതലാണ് ഇതര സംസ്ഥാന തൊഴിലാളികൾ വീണ്ടും കേരളത്തിലെത്തി തുടങ്ങിയത്. എന്നാൽ വിതരണ സമയപരിധി നീട്ടിനൽകിയിരുന്നില്ല. ഇതോടെ അരിയും കടലയും കെട്ടിക്കിടന്ന് നശിക്കുകയായിരുന്നു. ലേബർ ഓഫീസുകളിൽ നിന്ന് അനുവദിക്കുന്ന പട്ടിക അനുസരിച്ച് പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമാണ് സിവിൽ സപ്ലൈസ് വകുപ്പ് അരി അനുവദിച്ചിരുന്നത്. ഇവർ മുഖേനയാണ് തൊഴിലാളികൾക്ക് അരി വിതരണം ചെയ്യേണ്ടിയിരുന്നത്.
ഇതരസംസ്ഥാന തൊഴിലാളികൾക്കായി അനുവദിച്ച അരി മുൻഗണനാവിഭാഗത്തിലേക്ക് മാറ്റിയേക്കും. ഇതു സംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിൽ നിന്നാണ് തീരുമാനമുണ്ടാവുക. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയതോടെയാണ് അരി വിതരണം ചെയ്യാൻ കഴിയാതിരുന്നത്.
ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ