കോഴിക്കോട്: സിറ്റി പൊലീസ് കമ്മിഷണറുടെ സസ്പെൻഷൻ ഉത്തരവിനെ അപഹസിച്ചുള്ള പൊലീസുകാരന്റെ ഫേസ് ബുക്ക് പോസ്റ്റിനെച്ചൊല്ലി സേനയിൽ വിവാദം കൊഴുക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ നേരത്തെ രണ്ട് തവണ അച്ചടക്ക നടപടിയ്ക്ക് വിധേയനാവേണ്ടി വന്ന ഉമേഷ് വള്ളിക്കുന്ന് ഇത്തവണ ദീർഘിച്ച കുറിപ്പിലൂടെ നടപടിയെ പരോക്ഷമായെന്ന പോലെ പരസ്യമായി തന്നെ ചോദ്യം ചെയ്യുകയാണ്. വീട് വിട്ട് ഇറങ്ങേണ്ടി വന്ന യുവതിയ്ക്ക് വാടകയ്ക്ക് ഫ്ളാറ്റെടുത്ത് നൽകിയെന്നതിന് കുറ്റം ചാർത്തിയുള്ള സസ്പെൻഷനെതിരെ കടുത്ത വിമർശനമുയർത്തുകയാണ് ഇദ്ദേഹം. ഇത് സേനയ്ക്കകത്ത് ചേരി തിരിഞ്ഞുള്ള ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
മകളെ കുടുംബത്തിൽ നിന്ന് അകറ്റി ഉമേഷ് ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു അന്വേഷണം. നാലു മാസമായി മാറിക്കഴിയുന്ന മകളുടെ ഫ്ളാറ്റിൽ ഉമേഷ് നിത്യസന്ദർശകനാണെന്നുമുണ്ടായിരുന്നു പരാതിയിൽ. അസി. കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരൻ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് യുവതിയെ താമസിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻറെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവൃത്തി സേനയ്ക്ക് കളങ്കമുണ്ടാക്കിയതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
സിറ്റി പൊലീസ് കമ്മിഷണർക്കെതിരെയുള്ള ഉമേഷിന്റെ ആദ്യത്തെ പോസ്റ്റ് കഴിഞ്ഞ വർഷമായിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മിഠായിത്തെരുവിലുണ്ടായ അക്രമസംഭവങ്ങൾ തടയുന്നതിൽ കമ്മിഷണർ പരാജയപ്പെട്ടുവെന്നായിരുന്നു പോസ്റ്റ്. തുടർന്ന് സസ്പെൻഷനായി. ഒരു സിനിമയിൽ പൊലീസിനെതിരെയുള്ള മാവോയിസ്റ്റിന്റെ സംഭാഷണത്തിന് ലൈക്ക് അടിച്ചതിനാണ് അതിനു മുമ്പ് അച്ചടക്കനടപടി നേരിടേണ്ടി വന്നത്.
പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ
കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു. 2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഇക്വാളിറ്റിയുമൊക്കെയുമുള്ള ലോകമാണെന്ന വസ്തുതകൾ വെറുതെയാണെന്ന് ബോദ്ധ്യപ്പെടുത്താൻ ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ. 31 വയസ്സുള്ള സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിയ്ക്ക് വിപരീതമായി "അവളുടെ പേരിൽ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു" എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പോലീസുകാരന്റെ സസ്പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ. അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചുവിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.
പരാതിയുമായി യുവതി
പൊതുരേഖയിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശം ഉൾപ്പെടുത്തിയതിന് കമ്മിഷണർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഉത്തരമേഖലാ ഐ.ജിക്കു പരാതി നൽകിയിരിക്കുകയാണ്. വീട്ടുകാരുമായുള്ള പ്രശ്നം കാരണം നാലു മാസമായി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയാണെന്ന് യുവതി ഈ പരാതിയിൽ പറയുന്നുണ്ട്
തന്നെ അധിക്ഷേപിച്ചതായി കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മിഷണർക്കെതിരെയും പരാതി നൽകിയിട്ടുണ്ട് യുവതി.