കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ തുരങ്കപാതയുടെ സർവേയ്ക്ക് ഇന്ന് തുടക്കമാകും. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ തുടങ്ങുന്ന സ്വർഗംകുന്നിലെ മറിപ്പുഴയിലാണ് സർവേയുടെതുടക്കവും. വയനാട്ടിലേക്ക് എളുപ്പത്തിലെത്താനാവുന്ന പുത്തൻപാതയുടെ സർവേയ്ക്കായി എത്തിയ സംഘത്തെ ആഹ്ളാദത്തിമിർപ്പോടെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയോരജനത.
പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷൻറെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് സർവേയും നടത്തുന്നത്. സർവേ, ഫീൽഡ്, ഇൻവെസ്റ്റിഗേഷൻ, ഗ്രാഫിക് സംഘം കഴിഞ്ഞ ദിവസം തന്നെ കോഴിക്കോട് എത്തിയിരുന്നു. ഡെപ്യൂട്ടി ചീഫ് എൻജിനിയർ (പ്രോജക്ട് ) കേണൽ രവിശങ്കർ ഖോഡ്കയുടെ നേതൃത്വത്തിലുള്ള 12 അംഗമാണ് സർവെ നടത്തുക. സർവേയർമാർക്കും ജൂനിയർ ഉദ്യോഗസ്ഥർക്കും മുത്തപ്പൻ പുഴയിലെ ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപത്തെ സ്കൂളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സീനിയർ ഉദ്യോഗസ്ഥർക്ക് തൊട്ടടുത്തുള്ള റിസോർട്ടിലും.
കിഫ്ബി മുഖേന നടപ്പാക്കുന്ന 668 കോടി രൂപയുടെ പത്ത് ശതമാനം തുകയാണ് അഡ്വാൻസായി സർവെയ്ക്ക് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ആവശ്യപ്പെട്ടത്. ഇതിൽ 13 കോടി രൂപ സംസ്ഥാന സർക്കാർ നൽകിക്കഴിഞ്ഞു. സർവേയ്ക്ക് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 20 കോടി രൂപ നേരെത്തെ തന്നെ അനുവദിച്ചിരുന്നു. സർവേ പുരോഗമിക്കുന്ന മുറയക്ക് ബാക്കി തുക കൂടി നൽകും.
തീർത്തും ഒറ്റപ്പെട്ട സ്വർഗംകുന്നിലേക്കുള്ള യാത്രാസൗകര്യം സർവേ ആരംഭിക്കുമ്പോൾ തന്നെ മെച്ചപ്പെടുമെന്നാണ് കരുതുന്നത്. ഇനി ഇവിടം ടൂറിസ്റ്റ് കേന്ദ്രമാകാൻ പോവുകയാണ്.