കൊച്ചി: യുദ്ധക്കപ്പലിൽ നിന്ന് ഹെലികോപ്ടർ ഉപയോഗിച്ച് നാവികസേന നടത്തുന്ന വിവിധ ദൗത്യങ്ങളുടെ ചുക്കാൻ പിടിക്കാൻ ചരിത്രത്തിലാദ്യമായി വനിതകളെ നിയമിച്ചു. സബ് ലഫ്റ്റനന്റുമാരായ ഹൈദരാബാദ് സ്വദേശി റിതി സിംഗ്, ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി കുമുദിനി ത്യാഗി എന്നിവരാണിവർ.
യുദ്ധക്കപ്പലിലെ ഹെലികോപ്ടർ പൈലറ്റുമാർക്ക് ആവശ്യമായ നിർദ്ദേശങ്ങളും വിവരങ്ങളും നൽകുന്ന "ഒബ്സർവർ" പോസ്റ്റാണ് ഇവർക്ക്. എയർബോൺ ടാക്റ്റീഷ്യൻസ് എന്നും വിളിക്കും. ദൗത്യങ്ങളുടെ സ്വഭാവമനുസരിച്ച് ആയുധങ്ങൾ ഉപയോഗിക്കുന്നതുൾപ്പെടെ ഒബ്സർവർ നിർദ്ദേശിക്കും.
കരയിലെ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വനിതാ ഒബ്സർവർമാരേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. സേനയ്ക്ക് ചരിത്രപരമായ നിമിഷമാണിതെന്ന് നാവികസേന അധികൃതർ പറഞ്ഞു.
കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ പരിശീലനം പൂർത്തിയാക്കിയ 17 അംഗ സംഘത്തിലാണ് റിതി സിംഗും കുമുദിനി ത്യാഗിയും ഉൾപ്പെടുന്നത്. ഇവർക്ക് വിംഗ്സ് പദവിയാണ് ലഭിക്കുക. പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ഗരുഡയിൽ നടന്ന ചടങ്ങിൽ റിയർ അഡ്മിറൽ ആന്റണി ജോർജ് ഇരുവർക്കും ഒബ്സർവർ പദവി സമ്മാനിച്ചു. ബി.ടെക് ബിരുദധാരികളായ ഇരുവരും 2018 ലാണ് നാവികസേനയിൽ ചേർന്നത്. 60 മണിക്കൂർ ഹെലികോപ്ടർ പറത്തിയിട്ടുണ്ട്.
നാവികസേനയിൽ കൂടുതൽ വനിതകളെ യുദ്ധക്കപ്പലുകളിലുൾപ്പെടെ വിന്യസിക്കുന്നതിന്റെ ഭാഗമാണ് ഹെലികോപ്ടർ ദൗത്യത്തിന് നിയോഗിക്കുന്നതെന്ന് ആന്റണി ജോർജ് പറഞ്ഞു.
റാഫേൽ വിമാനങ്ങളിൽ വനിതാ പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള ചുരുക്കപ്പട്ടിക എയർഫോഴ്സ് തയ്യാറാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നാവികസേന യുദ്ധക്കപ്പലിൽ വനിതകളെ നിയമിച്ചിരിക്കുന്നത്. 2016ൽ നിയമനം നേടിയ ഫ്ളൈറ്റ് ലഫ്റ്റനന്റുമാരായ ഭാവന്ന കാന്ത്, മോഹന സിംഗ് എന്നിവരാണ് ആദ്യത്തെ ഫൈറ്റർ പൈലറ്റുകൾ.
ഒബ്സർവർ
യുദ്ധക്കപ്പലുകൾ, മുങ്ങിക്കപ്പലുകൾ എന്നിയവയിലുൾപ്പെടെ വ്യോമഗതാഗത നിയന്ത്രണം, പറക്കൽ നടപടിക്രമങ്ങൾ, വിവരങ്ങളുടെ ശേഖരണം, കൈമാറ്റം എന്നിവയിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് ഒബ്സർവർ പദവി നൽകുക.