ബെംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ വീണ്ടും അറസ്റ്റ്. ലഹരി ഇടപാടുകാരൻ ശ്രീനിവാസ് സുബ്രഹ്മണ്യ(42)നാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിലായത്. ആദിത്യ ആൽവ, വിരേൻ ഖന്ന, നടി രാഗിണി ദ്വിവേദി തുടങ്ങിയവരുമായി ശ്രീനിവാസ് ഏറെ അടുപ്പം പുലർത്തിയിരുന്നെന്നാണ് വിവരം.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്.
രാഗിണി നാല് പ്രാവശ്യം ഇയാളുടെ ഫ്ലാറ്റ് സന്ദർശിച്ചിരുന്നെന്നും ലഹരി പാർട്ടികളിൽ ‘ശ്രീ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ അപകടകാരിയായ രാസ ലഹരി മരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ വ്യാപകമായി എത്തിച്ചിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലാകുമ്പോൾ ഇയാളിൽ നിന്ന് 13 എം.ഡി.എം.എ ഗുളികൾ, കഞ്ചാവ്, ഹാഷിഷ് എന്നിവ കണ്ടെത്തിയിരുന്നു.
രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി പാർട്ടികളിലെ ‘ശ്രീ’ എന്നൊരാളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അറസ്റ്റിലായ മറ്റൊരു പ്രതി വൈഭവ് ജെയിനുമായി ഇയാൾക്ക് ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്ന് ഉറപ്പിച്ച പൊലീസ് ഇയാൾക്കു പിന്നാലെയായിരുന്നു.
വിവാഹത്തിനായി സഞ്ജന മതം മാറിയെന്ന്
മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി രണ്ടു വർഷം മുൻപ് മതം മാറിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ബംഗളുരുവിൽ സർജനായ ഡോ. അസീസ് പാഷയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് 2018ൽ സഞ്ജന മതം മാറിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിവാഹത്തോട് അനുബന്ധിച്ച് നടി ഇസ്ലാം മതം സ്വീകരിച്ചു. മാഹിറ എന്ന് പേരും മാറ്റി. വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്തയോട് പ്രതികരിക്കാൻ താരത്തിന്റെ കുടുംബം തയാറായിട്ടില്ല.