ശ്രീനാരായണഗുരു സർവകലാശാല എന്ന ഒരു ഓപ്പൺ യൂണിവേഴ്സിറ്റി ഉടനെ ആരംഭിക്കാനുള്ള തീരുമാനമെടുത്തതിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നു. ഈ സർവകലാശാലയുടെ പേര് കൃത്യമായി എന്താണെന്നു മാദ്ധ്യമ വാർത്തകളിൽ നിന്നു വ്യക്തമല്ല. ശ്രീനാരായണ സർവകലാശാല, ശ്രീനാരായണഗുരുവിന്റെ നാമത്തിലുള്ള സർവകലാശാല, ഗുരുദേവ സർവകലാശാല എന്നിങ്ങനെയുള്ള പല പേരുകളും ശ്രദ്ധയിൽപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ കണ്ടത് 'ശ്രീനാരായണഗുരു സർവകലാശാല" എന്നുതന്നെയാണെന്നും അറിഞ്ഞു. ഈ പേരുതന്നെയാണ് ഏറ്റവും യുക്തം.
ഈ സന്ദർഭത്തിൽ നിർദ്ദേശിക്കാനുള്ള ഒരു കാര്യം, ഇതു സംബന്ധിച്ചുള്ള ഓർഡിനൻസ് വരുമ്പോൾ യൂണിവേഴ്സിറ്റിയുടെ പേരിൽ നിന്നും 'ഗുരു" എന്ന വാക്ക് വിട്ടുകളയരുത് എന്നാണ്. കാരണം, നാരായണഗുരുവിനെ ഒരു മഹാപുരുഷനാക്കിയത്, അവിടുന്ന് സ്വന്തം തപസുകൊണ്ട് ആർജിച്ച ജ്ഞാനമാണ്. ജ്ഞാനസ്വരൂപം പൂർണമായി ഉള്ളിൽ തെളിഞ്ഞുകിട്ടുകയും, അത് ജിജ്ഞാസുക്കൾക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന മഹാത്മാവിനെയാണ് 'ഗുരു" എന്നു വിളിക്കുന്നത്. നാരായണഗുരു ചെയ്തതും ഇതുതന്നെയാണ്. ഗുരു ഉൾക്കൊണ്ട ജ്ഞാനരഹസ്യം മലയാളം, സംസ്കൃതം, തമിഴ് എന്നീ മൂന്നു ഭാഷകളിലായി രചിച്ച അറുപത്തിരണ്ടോളം വരുന്ന കൃതികളിൽ നിറഞ്ഞുനിൽക്കുന്നതു കാണാം. ഈ 'ഗുരു"ത്വം വിട്ടുകളഞ്ഞാൽ നാരായണഗുരു ഒരു ഗുരുവല്ല, കേരളത്തിന്റെ നവോത്ഥാന നായകൻ അഥവാ സാമൂഹ്യപരിഷ്കർത്താവ് മാത്രമായിത്തീരും.
ശ്രീനാരായണഗുരുവാകുന്ന ജ്ഞാനസൂര്യന്റെ പ്രകാശം ലോകത്തിനു മുഴുവൻ അവകാശപ്പെട്ടതാണ്. മറ്റെല്ലാ ലോകഗുരുക്കന്മാരുടെയും ജ്ഞാനത്തിന്റെ കാര്യത്തിലെന്നപോലെ. ആ ജ്ഞാനസൂര്യന്റെ എങ്ങും പരക്കുന്ന പ്രകാശരശ്മികളിൽ ഏതാനും ചിലത് കേരള മണ്ണിൽ നേരിട്ടുവീണു. അത് അവിടെ ചലനങ്ങൾ സൃഷ്ടിച്ചു. ഗുരു ജനിച്ചതും ജീവിച്ചതും കേരളത്തിലായതുകൊണ്ട് ആ ചലനങ്ങളിൽ ഗുരുവിന് നേരിട്ടുതന്നെ ഭാഗഭാക്കാകുവാനും സാധിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പോയി അവിടെയുള്ള എല്ലാ പ്രശ്നങ്ങളിലും നേരിട്ട് ഇടപെടാൻ ഒരു ഗുരുവിനും സാദ്ധ്യമല്ലല്ലോ? എന്നാൽ ആ ഗുരുവാകുന്ന ജ്ഞാനസൂര്യന്റെ പ്രകാശം മറ്റിടങ്ങളിലും ചെന്നെത്തുകയും, അവിടെയുള്ളവർ അതിന്റെ മൂല്യം ഉൾക്കൊള്ളുകയും ചെയ്താൽ അവിടെയും നല്ല മാറ്റങ്ങൾ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സംഭവിക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ളതാണ് ഏതു ഗുരുവിന്റെയും അറിവിന്റെ മൂല്യം.
മനുഷ്യജീവിതത്തെ മൂല്യവത്താക്കിത്തീർക്കുന്നതും ആ അറിവുതന്നെ. ആ അറിവിന്റെ മൂർത്തരൂപമായിരുന്നു ശ്രീനാരായണഗുരു. ആ ഗുരു ഉൾക്കൊണ്ട അറിവിന്റെ മൂല്യം ആദ്യം ഉൾക്കൊണ്ട ഭൂഭാഗമാണ് കേരളം എന്നതുകൊണ്ട് ഗുരുവിന്റെ പേരിലുള്ള ഒരു സർവകലാശാല ആദ്യമായി കേരളത്തിൽ തന്നെ ആരംഭിക്കുന്നത് അങ്ങേയറ്റം യുക്തമാണ്, ശ്ളാഘനീയമാണ്.
ഇങ്ങനെയൊരു യൂണിവേഴ്സിറ്റി കേരളത്തിൽ ആരംഭിക്കുന്നത്, ഗുരുവിന്റെ പേര് കൂടുതൽ ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ വേണ്ടി മാത്രമായിരിക്കരുത്. ഗുരു ദർശിച്ച അറിവ് എന്ന ഏകസത്യം പ്രകടഭാവം കൈക്കൊള്ളുന്നതിന്റെ നാനാമുഖങ്ങൾ മാത്രമാണല്ലോ സകല ശാസ്ത്രങ്ങളും കലകളും വിജ്ഞാനശാഖകളും വിദ്യകളും. ഇങ്ങനെ നോക്കുമ്പോൾ ഈ പറഞ്ഞ മേഖലകളൊന്നും അറിവ് എന്ന മഹാസത്യത്തിൽ നിന്നും അന്യമല്ല. വാസ്തവത്തിൽ 'യൂണിവേഴ്സിറ്റി" എന്ന വാക്ക് ഉണ്ടായിട്ടുള്ളതുപോലും മനുഷ്യന്റെ എല്ലാ പഠനമേഖലകളെയും താത്പര്യരംഗങ്ങളെയും അറിവ് എന്ന ഒന്നിൽ ഏകീഭവിച്ച് ദർശിക്കുന്ന ഒരു കേന്ദ്രം എന്ന അർത്ഥത്തിലാണ്. അറിവുള്ള ഒരാളെ ഇംഗ്ളീഷിൽ വിശേഷിപ്പിക്കുന്നത് A Well - versed Person എന്നാണല്ലോ. ഇവിടെ verse എന്നതിന് അറിവ് എന്നാണർത്ഥം. 'Uni" എന്ന ഉപസർഗ്ഗം കൊണ്ടർത്ഥമാക്കുന്നത് 'ഒന്ന് " എന്നാണ്. അപ്പോൾ Universe എന്നതിന് 'ഒരറിവ്" എന്നർത്ഥം വരും. ഏതൊന്നും അതായിരിക്കുന്ന അവസ്ഥയെയാണ് 'ity" എന്ന പ്രത്യയം സൂചിപ്പിക്കുന്നത്. അപ്പോൾ University എന്നതിന് അറിവിന്റെ എല്ലാ മേഖലകളും ഏകമായിരിക്കുന്ന അറിവിൽ (ബോധത്തിൽ ) ഏകീഭവിക്കുന്ന അവസ്ഥ എന്ന് അർത്ഥം വരും. നാരായണഗുരു ദർശിച്ച പരമസത്യം ഏകമായ അറിവാണ്. ആ അറിവിനെ സംബന്ധിക്കുന്ന ശാസ്ത്രം സകല ശാസ്ത്രങ്ങളെയും ഉൾക്കൊള്ളുന്ന ശാസ്ത്രം അഥവാ സകല ശാസ്ത്രങ്ങൾക്കും പ്രതിഷ്ഠയായിരിക്കുന്ന (സർവ്വവിദ്യാൻ പ്രതിഷ്ഠ) ശാസ്ത്രമായിരിക്കും. അതെങ്ങനെയെന്ന് വ്യക്തമാക്കിക്കൊണ്ട് ശ്രീനാരായണഗുരു രചിച്ച സംസ്കൃത കൃതിയാണ് 'ദർശനമാല." അതുകൊണ്ടുതന്നെ ഗുരുവിന്റെ പേരിൽ ഒരു 'യൂണിവേഴ്സിറ്റി" ആരംഭിക്കുന്നത് ഏറ്റവും യുക്തമായിത്തീരുന്നു. ഇക്കാരണത്താലാണ് നേരത്തേ പറഞ്ഞത്, ഗുരുവിന്റെ പേര് കൂടുതൽ ആളുകളുടെ ശ്രദ്ധയിൽ പെടുക എന്നതു മാത്രമായിരിക്കരുത് ഈ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം എന്ന്. ഈ കാരണം കൊണ്ടുതന്നെ 'ഗുരു" വാക്ക് ഈ സർവകലാശാലയുടെ പേരിൽ നിന്നും ഒഴിവാക്കുകയും അരുത്.
മേൽ സൂചിപ്പിച്ച കാരണങ്ങൾ കൊണ്ടുതന്നെ, ഇതിന്റെ പ്രവർത്തന മേഖല കേരളം മാത്രമായിരിക്കുന്നത് ഒട്ടും യുക്തമാണെന്നു തോന്നുന്നില്ല. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു സർവകലാശാലയിൽ ചേർന്ന് പഠിക്കുവാനും അറിവ് നേടുവാനും ഉള്ള അവസരം കേരളത്തിനു പുറത്തുള്ളവർക്ക് എന്തുകൊണ്ടു നിഷേധിക്കണം? യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ അംഗീകാരമുള്ള ഒരു സർവകലാശാലയിൽ എവിടെയും ഉള്ളവർക്ക് ചേർന്ന് പഠിക്കാൻ അവസരം ഉണ്ടാക്കുകതന്നെ വേണം. വിശേഷിച്ചും അത് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റി ആയിരിക്കുമ്പോൾ.
മുകളിൽ വ്യക്തമാക്കിയതും ശ്രീനാരായണഗുരു ഉൾക്കൊണ്ടതുമായ കാഴ്ചപ്പാടോടുകൂടി ഈ യൂണിവേഴ്സിറ്റിക്ക് രൂപം നൽകുമ്പോൾ ഗുരുവിന്റെ തന്നെ കൃതികളും ജീവിതവും നേരിട്ടു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക വിഭാഗം അതിന്റെ മർമ്മസ്ഥാനത്തുണ്ടായിരിക്കേണ്ടതും അനിവാര്യമായി വരും. അവിടെ നടക്കുന്ന പഠനങ്ങളും ഗവേഷണങ്ങളുമാണ്, ഗുരുദർശനത്തിന്റെ ആഴവും പരപ്പും, കർമ്മരംഗങ്ങളിൽ ഗുരു നേരിട്ട് ഇടപെട്ടതിന്റെ പിന്നിലുള്ള സത്യവും കണ്ടെത്തി അത് യൂണിവേഴ്സിറ്റിക്ക് മുഴുവൻ മാർഗദർശനം നൽകേണ്ടത്.