മരിച്ചവരിൽ എട്ട് കുട്ടികളും
മുംബയ്: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് എട്ടു കുട്ടികളുൾപ്പെടെ 13 പേർ മരിച്ചു. പുറത്തെടുത്തവരിൽ 25 ഓളം പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അവശിഷ്ടങ്ങൾക്കുള്ളിൽ 10 ഓളം ആളുകൾ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇന്നലെ പുലർച്ചെ 3.40 നാണ് 40 വർഷം പഴക്കമുള്ള മൂന്നു നില കെട്ടിടമായ ജിലാനി പാർപ്പിട സമുച്ഛയം തകർന്നുവീണത്. 1984ൽ പണിത കെട്ടിടത്തിൽ 20 കുടുംബങ്ങളോളം താമസിച്ചിരുന്നതായാണ് പരിസരവാസികൾ പറയുന്നത്. പുലർച്ചെ വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നു വീഴുകയായിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കാലപ്പഴക്കമാണോ മറ്റെന്തെങ്കിലുമാണോ കെട്ടിടം തകരാനുള്ള കാരണമെന്നതു സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയും ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. രക്ഷാ പ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവർ അനുശോചനം അറിയിച്ചു.അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി അഡി.കമ്മിഷണർ ഓം പ്രകാശ് ദിവ്തേയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിവിക് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇത് കൂടാതെ കെട്ടിടത്തിന്റെ ഉടമസ്ഥന് മേൽ കേസ് ചുമത്തിയിട്ടുമുണ്ട്.