ദുബായ് : ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരം മലയാളി താരം ദേവ്ദത്ത് പടിക്കൽ അർദ്ധസെഞ്ച്വറികൊണ്ടലങ്കരിച്ചപ്പോൾ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 10റൺസ് വിജയം.
42 പന്തുകളിൽ 8 ബൗണ്ടറികളുൾപ്പടെ 56 റൺസ് നേടിയ ദേവ്ദത്തും പരിചയസമ്പന്നനായ എ.ബി ഡിവില്ലിയേഴ്സും (30പന്തുകളിൽ 51 റൺസ്,നാലു ഫോറുകൾ രണ്ട് സിക്സ് ) ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ 163/5 എന്ന സ്കോറിലെത്തിച്ചു. മറുപടിക്കിറങ്ങിയ ഹൈദരാബാദ് 19.4ഒാവറിൽ 153 എന്ന സ്കോറിൽ ആൾഔട്ടായി . ബെയർസ്റ്റോ (61), മനീഷ് പാണ്ഡെ (34) എന്നിവർ മാത്രമാണ് ഹൈദരാബാദ് നിരയിൽ പിടിച്ചുനിന്നത്. ബാംഗ്ളൂരിനായി ചഹൽ മൂന്ന് വിക്കറ്റും ശിവം ദുബെ, നവ്ദീപ് സെയ്നി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
കർണാടകത്തിനായി രഞ്ജി കളിക്കുന്ന ദേവ്ദത്ത് പടിക്കലും ആരോൺ ഫിഞ്ചും (29)ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ബാംഗ്ളൂരിനെ മാന്യമായ സ്കോറിലെത്തിച്ചത്. 11 ഒാവറിൽ 90 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. അടുത്തടുത്ത പന്തുകളിൽ ഇരുവരും പുറത്തായ ശേഷം നായകൻ വിരാട് കൊഹ്ലി(14) കാര്യമായ ചലനം സൃഷ്ടിക്കാതെ മടങ്ങി. എന്നാൽ നാലാം വിക്കറ്റിൽ ഒരുമിച്ച എ.ബി ഡിവില്ലിയേഴ്സും ശിവം ദുബെയും അവസാന ഒാവറുകളിലെ കൂറ്റനടികളിലൂടെ ടീം സ്കോർ 163ലെത്തിച്ചു.
മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നായകൻ വാർണറെ(6) രണ്ടാം ഒാവറിൽ അബദ്ധത്തിലൂടെ നഷ്ടമായെങ്കിലും ജോണി ബെയർസ്റ്റോയും (61) മനീഷ് പാണ്ഡെയും(34) ചേർന്ന് മുന്നോട്ടുനയിച്ചു. ബെയർസ്റ്റോയുടെ സ്ട്രെയ്റ്റ് ഷോട്ട് ബൗളറുടെ കയ്യിൽ തട്ടി നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപ് തെറുപ്പിച്ചപ്പോൾ ക്രീസ് വിട്ടുനിന്നതിനാലാണ് വാർണർ പുറത്തായത്. രണ്ടാം വിക്കറ്റിൽ ബെയർ സ്റ്റോ- മനീഷ് സഖ്യം 71 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 12-ാം ഒാവറിൽ പിരിഞ്ഞത്.യുസ്വേന്ദ്ര ചഹൽ മനീഷിനെ സെയ്നിയുടെ കയ്യിലെത്തിക്കുകയായിരുന്നു. 16-ാം ഒാവറിലെ അടുത്തടുത്ത പന്തുകളിൽ ചഹൽ ബെയർസ്റ്റോയെയും വിജയ് ശങ്കറിനെയും (0) പുറത്താക്കി. അടുത്ത ഒാവറിൽ ശിവം ദുബെ പ്രിയം ഗാർഗിനെ ബൗൾഡാക്കിയതോടെ ഹൈദരാബാദ് 129/5 എന്ന നിലയിലായി.ഇതേ ഒാവറിൽ അഭിഷേക് ശർമ്മ റൺഔട്ടാവുകയും ചെയ്തു.18-ാം ഒാവറിൽ സെയ്നി ഭുവനേശ്വറിനെയും (0), റാഷിദ് ഖാനെയും (6) ബൗൾഡാക്കിയതോടെ ബാംഗ്ളൂരിന് ആത്മവിശ്വാസമേറി. തുടർന്ന് ബൗളിംഗിനിടെ പരിക്കേറ്റ് മടങ്ങിയിരുന്ന മിച്ചൽ മാർഷ് ബാറ്റിംഗിനെത്തിയെങ്കിലും നേരിട്ട ആദ്യ പന്തിൽ ക്യാച്ച് നൽകുകയും പരിക്ക് വഷളായി മടങ്ങുകയും ചെയ്തു. അവസാന ഒാവറിൽ സ്റ്റെയ്ൻ സന്ദീപ് ശർമ്മയെ കൊഹ്ലിയുടെ കയ്യിലെത്തിച്ച് വിജയം ആഘോഷിച്ചു.
സ്വപ്നതുല്യ അരങ്ങേറ്റം
ആരോൺ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഒാപ്പൺ ചെയ്യാൻ നായകൻ കൊഹ്ലി പകർന്ന ആത്മവിശ്വാസം കളിക്കളത്തിൽ പൂർണമായും പുറത്തെടുക്കുകയായിരുന്നു ദേവ്ദത്ത് . ആദ്യ ഒാവറിൽ ഭുവനേശ്വറിനെതിരെ ഒരു റൺ മാത്രം നേടിയ ദേവ്ദത്ത് അടുത്ത ഒാവറിന്റെ ആദ്യ പന്തിൽ സന്ദീപ് ശർമ്മയ്ക്കെതിരെ ആദ്യ ബൗണ്ടറി പായിച്ചു.നാലാം ഒാവറിൽ നടരാജനെതിരെ മൂന്ന് ബൗണ്ടറികളാണ് പറപ്പിച്ചത്. ഫിഞ്ചും ഫോമിലേക്ക് ഉയർന്നതോടെ ബാംഗ്ളൂരിന്റെ സ്കോർ ബോർഡ് കുതിച്ചു.പത്താം ഒാവറിൽ അഭിഷേക് ശർമ്മയെ ബൗണ്ടറി പായിച്ചാണ് അർദ്ധസെഞ്ച്വറിയിലെത്തിയത്. ഐ.പി.എൽ അരങ്ങേറ്റത്തിൽതന്നെ അർദ്ധസെഞ്ച്വറി നേടാൻ 36 പന്തുകളാണ് ഈ 20കാരന് വേണ്ടിവന്നത്. അർദ്ധസെഞ്ച്വറിക്ക് ശേഷം കൂറ്റൻ ഷോട്ടിന് മുതിർന്ന ദേവ്ദത്ത് ഒരു ക്യാച്ചിൽ നിന്ന് രക്ഷപെട്ടെങ്കിലും 12-ാം ഒാവറിൽ വിജയ് ശങ്കറിന്റെ പന്തിൽ ക്ളീൻ ബൗൾഡായി.
എടപ്പാളിന്റെ പടിക്കൽ
മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ജനിച്ചതെങ്കിലും ഹൈദരാബാദിലായിരുന്നു ബാല്യം. മകന് മെച്ചപ്പെട്ട ക്രിക്കറ്റ് പരിശീലനം നൽകാനായി പിതാവ് ബാവുനുവും മാതാവ് അമ്പിളിയും ബംഗ്ളുരുവിലേക്ക് മാറിയതാണ് വഴിത്തിരിവായത്.2011 മുതൽ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രിക്കറ്റിൽ പരിശീലിക്കുന്നു.2018ൽ കർണാടക രഞ്ജി ട്രോഫി ടീമിൽ അരങ്ങേറി. കഴിഞ്ഞ വർഷം വിജയ് ഹസാരേ ട്രോഫിയിൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ അണ്ടർ-19 ടീമിലും ഇന്ത്യ എ ടീമിലും ഈ ഇടംകയ്യൻ ഒാപ്പണർ ഇടം നേടി.