257 പേർക്ക് സമ്പർക്കം
കണ്ണൂർ: ജില്ലയിൽ 314 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 257 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറു പേർ വിദേശത്തു നിന്നും 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 25 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 8122 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 39 പേർ ഉൾപ്പെടെ രോഗം ഭേദമായവരുടെ എണ്ണം 4935 ആയി. നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളിൽ 2041 പേർ വീടുകളിലും ബാക്കി 760 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായി ചികിത്സയിൽ കഴിയുന്നുണ്ട്.
നിലവിൽ നിരീക്ഷണത്തിലുള്ളത് 15,210 പേരാണ്. ഇവരിൽ 14121 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്ന് ഇതുവരെ 10,5926 സമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 10,5619 എണ്ണത്തിന്റെ ഫലം വന്നു. 307 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജീവനക്കാർക്ക് കൊവിഡ്: ജില്ലാ ആശുപത്രി ഓഫീസ് വിഭാഗം അടച്ചു
കൊവിഡ് വ്യാപന ഭീതിയിൽ ജില്ലാ ആശുപത്രിയുടെ ഓഫീസ് വിഭാഗം അടച്ചു. ഓഫീസ് വിഭാഗത്തിലെ എട്ട് ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടച്ചിടൽ. ജില്ലാ ആശുപത്രിയിലെ ഓഫീസ് അറ്റൻഡന്റ് തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശി രാജേഷ്(45) കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതേതുടർന്ന് ഓഫീസ് ജീവനക്കാർക്ക് ക്വാറന്റൈൻ പോലും അനിവദിക്കാത്തത് വലിയ വിവാദമായിരുന്നു.
രാജേഷിന്റെ മരണത്തെതുടർന്ന കഴിഞ്ഞ വെള്ളിയാഴ്ചയാണ് 16 ഓഫീസ് ജീവനക്കാരുടെ സാമ്പിൾ പരിശോധനയ്ക്കെടുത്തത്. 11 പേരുടെ ഫലം വന്നപ്പോഴാണ് ജീവനക്കാരിൽ ഏഴ് പേർക്കും പോസിറ്റീവായത്. ഇതിനു പുറമെ ആർ.എസ്.ബി.വൈ കൗണ്ടറിലെ ഒരു ജീവനക്കാരിക്കും കൊവിഡ് പോസിറ്റീവായിരുന്നു. ഇതേതുടർന്ന് കൗണ്ടർ നേരത്തെ അടച്ചു. ഇതിനിടയിലാണ് ജീവനക്കാർക്കും പോസിറ്റീവായത്. രാജേഷ് മരിച്ചതിനു ശേഷം ഓഫീസിൽ മറ്റുള്ളവർക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അതിന് മുമ്പ് നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയത്.