ചവറയിൽ ഇപ്പോൾ എല്ലാ ചടങ്ങുകളുടെയും കാര്യസ്ഥന്മാർ രാഷ്ട്രീയക്കാരാണ്. കല്യാണം, മരണം, പാലുകാച്ചൽ, സഞ്ചയനം, കട ഉദ്ഘാടനം എന്തിന് പറയുന്നു നൂല് കെട്ടൽ ചടങ്ങിൽ പോലും രാഷ്ട്രീയക്കാർ ഇടിച്ചുകയറുകയാണ്.
കല്യാണ വീടുകളിൽ ക്ഷണിച്ചില്ലെങ്കിലും പ്രദേശത്തെ സകലമാന രാഷ്ട്രീയക്കാരും ആശംസകളുമായി എത്തും. പ്രദേശിക നേതാക്കൾ ഇടപെട്ട് സ്ഥാനാർത്ഥിയെയും സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ളവരെയും കല്യാണം വിളിപ്പിക്കുന്നുമുണ്ട്. കൊവിഡായതിനാൽ കല്യാണ സദ്യക്ക് ആരും തള്ളിക്കയറുന്നില്ല. അതാണ് ചെറിയൊരാശ്വാസം. നേരത്തെ വലിയ നേതാക്കൾക്ക് തങ്ങളുടെ പാർട്ടിക്കാരുടെ വീട്ടിലെ കല്യാണങ്ങളിൽ പങ്കെടുക്കാൻ പോലും സമയം ഇല്ലായിരുന്നു. ഇപ്പോൾ കാര്യമായ കമ്മിറ്റികളും സമ്മേളനങ്ങളും ഒന്നുമില്ല. അതുകൊണ്ട് തന്നെ വിളിക്കുന്നതിന് മുൻപേ പറന്നെത്തുകയാണ്.
മരണ വീടുകളിലാണ് രാഷ്ട്രീയക്കാരുടെ വലിയ തള്ളിക്കയറ്റം. ഉപതിരഞ്ഞെടുപ്പിന്റെ സൂചന വരുന്നതിന് മുൻപ് വരെ കൊവിഡ് പേടിയിൽ മരണവീടുകളിലേക്ക് ആരും അടുത്തിരുന്നില്ല. ദേ ഇപ്പോൾ, മരിച്ചെന്ന് കേൾക്കുമ്പോഴേ ബന്ധുക്കളേക്കാൾ മുൻപേ പ്രാദേശിക നേതാക്കൾ ഓടിയെത്തും. ടാർപ്പ കെട്ടും, കസേര ചുമന്ന് നിരത്തിയിടും, സംസ്കാര കർമ്മങ്ങൾക്ക് ആളിനെ വിളിക്കും. കീഴ് ഘടകം മുതൽ മേൽഘടകം വരെയുള്ള മുഴുവൻ നേതാക്കളെയും വിളിച്ച് അറിയിക്കും. പണ്ട് വലിയ നേതാക്കൾ മരണ വീടുകളിൽ ഒരു മിന്നൽ പോലെയേ കാണാൻ പറ്റുള്ളായിരുന്നു. ഇപ്പോൾ വന്നാൽ മൃതദേഹം സംസ്കരിക്കുന്നത് വരെയോ പള്ളിയിലേക്ക് കൊണ്ട് പോകുന്നത് വരെയോ കാത്തിരിക്കും. എന്നിട്ട് ബന്ധുക്കളെയെല്ലാം പരേതന്റെ വേർപാടിൽ ആശ്വസിപ്പിച്ചാണ് മടങ്ങുന്നത്.
ഉപതിരഞ്ഞെടുപ്പ് തീരുമാനം എത്രയും വേഗം എത്തിയില്ലെങ്കിൽ രാഷ്ട്രീയക്കാർ കല്യാണ, മരണ വീടുകൾ കയറിയിറങ്ങി തളരും. എത്രയും പെട്ടെന്ന് അക്കാര്യത്തിൽ തീരുമാനമുണ്ടാകണേയെന്ന പ്രാർത്ഥനയിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.