തൃശൂർ: ശ്രീനാരായണഗുരു മതാതീത അത്മീയത പറയുന്ന ശ്രീനാരായണ ധർമ്മമെന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ കോപ്പികൾ സൗജന്യമായി സംസ്ഥാന ഉന്നത വിദ്യഭ്യാസ വകുപ്പ് മുൻകൈയെടുത്ത് സംസ്ഥാനത്ത് ഉടനീളം വിതരണം ചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മതം നോക്കാതെ മനുഷ്യനെ പവിത്രമായ തലത്തിലേക്ക് അന്തരികമായി ഉയർത്താൻ കഴിവുള്ള ഏക മാനവഗ്രന്ഥമാണ് ശ്രീ നാരായണ ധർമ്മമെന്ന് പ്രമേയത്തിലൂടെ യൂത്ത് മൂവ്മെന്റ് അറിയിച്ചു. സർക്കാർ തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീ നാരായണ ഗുരുദേവ വെങ്കല പ്രതിമയ്ക്ക് സ്ഥിരമായ മണ്ഡപം പണിയണമെന്നും യോഗം ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്ത് ആരംഭിക്കാൻ പോകുന്ന ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഗുരുവിന്റെ എല്ലാ കൃതികളും പാഠ്യവിഷയമാക്കണമെന്നും , ഗുരുവിന്റെ പേരിലുള്ള സർവകലാശാല ആസ്ഥാനം മഹാഗുരുവിന്റെ മഹത്വം മാനിച്ചുകൊണ്ടുള്ളതാകണമെന്നും യോഗം ആവശ്യപ്പെട്ടു.