തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ പൊലീസുകാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയാക്കി. ഇന്നലെ 25 പൊലീസുകാർക്കാണ് രോഗം കണ്ടെത്തിയത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ സുനീഷ് ബാബുവിന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ സമരങ്ങൾ നിയന്ത്രിക്കാൻ എ.സി.പി സജീവമായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക അതി സങ്കീർണമാണെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. ജനപ്രതിനിധികളും വിവിധ പാർട്ടികളുടെ രാഷ്ട്രീയനേതാക്കളും എ.സി.പിയുടെ സമ്പർക്കപ്പട്ടികയിലുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ഇദ്ദേഹം എത്തിയിരുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുമായി അസിസ്റ്റന്റ് കമ്മിഷണർക്ക് നേരിട്ട് സമ്പർക്കമുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നിന്നും എം.എൽ.എമാരായ ഷാഫി പറമ്പിലിനെയും ശബരീനാഥിനെയും അറസ്റ്റുചെയ്തത് ഇദ്ദേഹമാണ്. സമ്പർക്കപ്പട്ടികയിൽ ബി.ജെ.പി നേതാവ് വി.വി. രാജേഷും ഉൾപ്പെടുന്നു. അതേസമയം ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതോടെ കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ നിരീക്ഷണത്തിൽ പ്രവേശിച്ചു. ദക്ഷിണമേഖല റെയ്ഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് കമ്മിഷണറുടെ അധിക ചുമതല നൽകി. എസ്.എ.പി ക്യാമ്പിലെ ഏഴ് പൊലീസുകാർക്കും രോഗം കണ്ടെത്തി. 50 പേർക്ക് നടത്തിയ പരിശോധനയിലാണ് ഏഴുപേർക്ക് രോഗം കണ്ടെത്തിയത്. ഇവർക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ഇവരിൽ ഭൂരിഭാഗം പേരും സമരക്കാരെ നേരിടാൻ മുന്നിൽ നിന്നവരാണ്. അതിനിടെ തുമ്പ പൊലീസ് സ്റ്റേഷനിൽ 12 പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. ഇതിൽ ചിലരുടെ കുടുംബാംഗങ്ങളും പോസിറ്റീവായിട്ടുണ്ട്. ഇവരുടെയും ഉറവിടം കണ്ടെത്താനായിട്ടില്ല. സെക്രട്ടേറിയറ്റിൽ സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. നെടുമങ്ങാട് വലിയമല സ്റ്റേഷനിലും 4 പൊലീസുകാർക്ക് പോസിറ്റീവായി. ഇവരുമായി സമ്പർക്കം പുലർത്തിയ നിരവധി പൊലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു. വരും ദിവസങ്ങളിൽ പരിശോധന വർദ്ധിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജില്ലയുടെ മിക്ക മേഖലകളിലെയും രോഗവ്യാപന നിരക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.