SignIn
Kerala Kaumudi Online
Monday, 26 October 2020 9.47 PM IST

എന്തുകൊണ്ട് ഭീകരർക്ക് കേരളം താവളമാകുന്നു? ആര് വരുന്നു, ആര് പോകുന്നു.. കൃത്യമായ കണക്കില്ല, പരിശോധനയുമില്ല

terrrorists

തി​രുവനന്തപുരം: കൊച്ചി ഉൾപ്പെടെ രാജ്യത്തെ നാലു നഗരങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടതിന് കഴി​ഞ്ഞ ദി​വസം അറസ്റ്റിലായ ഭീകരരുമായി ബന്ധപ്പെട്ട കൂടുതൽ പേർ കേരളത്തിലുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചതോടെ ഒരു കാര്യം വ്യക്തമായി- കേരളത്തെയും ഭീകരർ താവളമാക്കുന്നു എന്ന്. ഇതുവരെ ചില റിപ്പോർട്ടുകളും സംശയങ്ങളും മാത്രം ഉണ്ടായിരുന്നിടത്താണ് കഴിഞ്ഞ ദിവസം മൂന്ന് അൽക്വ ഇദ ഭീകരരെ കേരളത്തിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലും കേരളത്തിലുമായി ഒമ്പതു ഭീകരരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇനി​യും പി​ടി​യി​ലാകാനുള്ള പത്ത് പേരി​ൽ നി​ന്ന് ലഭ്യമാകുന്ന വി​വരങ്ങൾ കൂടി വെളിയിൽ വരുന്നതോടെ മാത്രമേ ഭീകരരുടെ ബന്ധങ്ങളുടെ വ്യാപ്തി വെളി​പ്പെടൂ. ​

'പാകിസ്ഥാൻ സ്‌പോൺസേർഡ് അൽ ക്വ ഇദ'യാണ് സ്ഫോടന പരമ്പരകൾക്ക് പദ്ധതി തയ്യാറാക്കിയതും സമൂഹ മാദ്ധ്യമങ്ങളിലൂടെ ചർച്ച നടത്തി ഭീകരാക്രമണത്തിനുള്ള സംഘത്തെ രൂപപ്പെടുത്തിയതും. സംഘാംഗങ്ങളെല്ലാം ബംഗാളി സംസാരിക്കുന്നവരാണ്. അവർക്ക് മലയാളവും നല്ല പോലെ വഴങ്ങും. പത്തും പതി​നഞ്ചും വർഷമായി​ വിശ്വസ്തരായി​ ഇവി​ടെ ജോലി​ ചെയ്യുന്നവരാണെന്നാണ് റി​പ്പോർട്ടുകൾ. കേരളത്തിൽ ജോലി ചെയ്ത് ലേബർ ക്യാമ്പുകളിലും വാടക വീടുകളിലുമൊക്കെ കഴിഞ്ഞവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായി എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നവരാണ്. അതൊരു മറയാക്കി ഭീകരപ്രവർത്തനത്തിന് വളമിടുകയാണ് അവർ ചെയ്തുകൊണ്ടിരുന്നത്. സഹതൊഴിലാളികൾക്കും കൂടെ താമസിക്കുന്നവർക്കും അവരെ തിരിച്ചറിയാനുമായില്ല. അതാണ് ഏറ്റവും ഗൗരവമേറിയ സംഗതിയും.

ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലെത്തി ജോലി ചെയ്യുന്നത്. കേരളത്തെ 'മിനി ഗൾഫായി' കാണുന്നവരാണ് അധികവും. ന്യായമായ കൂലിയും തൊഴിൽ അന്തരീക്ഷവും തൊഴിൽ അവസരവുമൊക്കെയാണ് അന്യസംസ്ഥാനക്കാരെ കൂട്ടത്തോടെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകം. മാത്രമല്ല, അവരുടെ സേവന മികവ് പരിഗണിച്ച് കേരളം അവരെ അതിഥി തൊഴിലാളികളായാണ് പരിഗണിക്കുന്നതും. അക്കൂട്ടത്തിലേക്കാണ് അവരിൽ ഒരാളായി നടിച്ച് കേരളത്തെ താവളമാക്കി മാറ്റാനുള്ള ശ്രമവുമായി ഭീകരർ എത്തുന്നതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ വെട്ടിലാക്കുന്ന സംഗതി കൂടിയാണിത്.

ഉറപ്പാക്കേണ്ടത് അധികൃതർ

തൊഴിൽതേടി ഇവിടെ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ പലർക്കും കൃത്യമായ രേഖകൾ ഉണ്ടാവില്ല. ചിലരാകട്ടെ വ്യാജരേഖകൾ ചമച്ചാണ് വരുന്നത്. ഇവരെ കൊണ്ടുവരുന്ന ഏജന്റുമാർ തൊഴിലാളികളുടെ വിവരങ്ങൾ അധികൃതരെ അറിയിക്കണമെന്നാണ് വയ്പ്. എന്നാൽ, ഇത് പലപ്പോഴും നടക്കുന്നില്ല. റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ അധികൃതരും ശ്രമിക്കുന്നില്ല. ഇവരുടെയെല്ലാം കണക്കെടുക്കുമെന്ന് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടും സമയബന്ധിതമായി പൂർത്തിയാക്കുന്നില്ല. തൊഴിൽ വകുപ്പിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ജാഗ്രത ഉണ്ടാവുന്നില്ല.

സുരക്ഷിതത്വം കണക്കിലെടുത്ത് അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിരുന്നു. തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്ന കോൺട്രാക്ടർമാരോ തൊഴിൽ സ്ഥാപനങ്ങളോ ഫോട്ടോ സഹിതമുള്ള ഇവരുടെ വിവരങ്ങൾ പൊലീസിന് കൈമാറണമെന്ന് തീരുമാനിച്ചുവെങ്കിലും സ്‌റ്റേഷനുകളിൽ ഇത് സ്വീകരിക്കാനും സൂക്ഷിക്കുവാനും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരോ അതിന് വേണ്ട പ്രത്യേക സംവിധാനമോ ഏർപ്പെടുത്താത്തതുമൂലം പരാജയപ്പെടുകയായിരുന്നു.

രജിസ്ട്രേഷൻ കാർഡുകൾ

5.5 ലക്ഷം പേർക്ക് മാത്രം

മലമ്പനി പോലുള്ള പകർച്ച വ്യാധികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നല്ലാതെ അവരുടെ പക്കലും അന്യ സംസ്ഥാന തൊഴിലാളികളുടെ മതിയായ രേഖകൾ ഇല്ല. അഞ്ച് വർഷം മുമ്പ് ക്യാമ്പുകൾ സംഘടിപ്പിച്ച് ഇവരുടെ രജിസ്ടേഷൻ നടത്തി തിരിച്ചറിയൽ കാർഡുകൾ നൽകാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണവും ഉത്തരവാദിത്വവും ഉറപ്പാക്കാത്തത് കാരണം നടപ്പായില്ല. കേരളത്തിൽ ഇതുവരെ അസി. ലേബർ ഓഫീസർമാരുടെ മേൽനോട്ടത്തിൽ അഞ്ചര ലക്ഷം പേർക്ക് മാത്രമാണ് കാർഡുകൾ നൽകാനായത്.

പൊലീസ് ക്ളിയറൻസ്

തൊഴിലാളികൾക്ക് പൊലീസ് ക്ളിയറൻസ് വേണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതും നടപ്പായിട്ടില്ല. ഇവർക്കിടയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള ഇന്റലിജൻസ് പ്രവർത്തനങ്ങളിലും പോരായ്മ ഉണ്ടെന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. പകുതിയിലേറെ തൊഴിലാളികളുടെ വിവരങ്ങൾ ആർക്കും ലഭ്യമല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇതുമനസിലാക്കിയാണ് ഭീകരർ പലരും ഇവിടെ താവളമാക്കുന്നത്.

''

കേരളത്തിൽ നിന്ന് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിൽ പൊലീസിന്റെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കും. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുന്ന വിവരങ്ങളും പരിശോധിക്കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരർ ആരൊക്കെയായി ബന്ധപ്പെട്ടു, എവിടെയൊക്കെ ക്യാമ്പ് ചെയ്തു തുടങ്ങിയ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.

അനൂപ് കുരുവിള ജോൺ

ഡി.ഐ.ജി, തീവ്രവാദ വിരുദ്ധ സ്ക്വാഡ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TERRORISTS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.