കോട്ടയം : തോരാമഴക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. പലവ്യഞ്ജനവും പച്ചക്കറിയും മീനും ഇറച്ചിയും മുട്ടയുമടക്കം സർവതിനും വിലക്കയറ്റമാണ്.
ഉള്ളി, സവാള വിലയാണ് സാധാരണക്കാരന് താങ്ങാനാവാത്തത്. വലിപ്പം കുറഞ്ഞ സവാള കിലോയ്ക്ക് 35രൂപയെങ്കിൽ മേൽത്തരം സവാള 50 കടന്നു . രണ്ടാഴ്ച മുമ്പ് 20 രൂപയായിരുന്നു. ഉള്ളി ചില്ലറവില 70 കടന്നു. കിഴങ്ങും 50ൽ എത്തി. പച്ചക്കറി ഇനങ്ങളിൽ കാരറ്റ് വിലയാണ് കൈവിട്ടു നിൽക്കുന്നത്. നൂറിനോട് അടുക്കുന്നു. തക്കാളി 60 രൂപ . വെണ്ടക്ക, പയർ, ബീറ്റ് റൂട്ട്, മുരിങ്ങക്ക, മുളക്, എന്നിവയുടെ വില 50നും 60നും ഇടയിലാണ്. മഴ അയൽ സംസ്ഥാനങ്ങളെയും ബാധിച്ചതിനാൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കോഴി, മീൻ വില കുതിക്കുന്നു
കഴിഞ്ഞ ആഴ്ച കിലോക്ക് 100ൽ താഴെനിന്ന കോഴി വില ഇന്നലെ 124 രൂപയിലെത്തി. കോഴിമുട്ടയ്ക്ക് ചില്ലറ വില ആറ് റൂപയാണ് . നാടൻതാറാവ് മുട്ടയ്ക്ക് 10 രൂപയാണ്.
കടലിൽ പോകുന്നതിന് നിയന്ത്രണം വന്നതോടെ മീൻ വിലയിലും വൻ വർദ്ധനവായി. സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന മത്തി, അയില, കിളിമീൻ കിലോക്ക് 200 കടന്നു . വറ്റ, കാളാഞ്ചി , പൂമീൻ , തുടങ്ങിയവയുടെ വില 400-500 റേഞ്ചിലാണ് . മോത, നന്മീൻ തുടങ്ങി മുന്തിയ ഇനങ്ങൾക്ക് 800 രൂപയും . കായൽ മീനുകളും കുറഞ്ഞു. കരിമീനും വലിപ്പമനുസരിച്ച് 500- 600 രൂപയാണ് . ചെറിയ ചെമ്മീനും മൊരശിനും 300 രൂപ വിലയുണ്ട്. പോത്തിറച്ചി വില 380 രൂപയിലും ആട്ടിറച്ചി 750ലുമെത്തി .
അരിവില കൂടിയിട്ടില്ലെങ്കിലും പരിപ്പ്, പയർ, ഉഴുന്നു പരിപ്പ് തുടങ്ങിയ പലവ്യഞ്ജന വില വൻതോതിൽ വർദ്ധിച്ചു . പഞ്ചസാര 40ൽ എത്തി. നാട്ടുകാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും നൽകുന്ന കിറ്റിന്റെ പേരിൽ മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്കും ഇല്ലാതായി.
ഇറച്ചിക്കോഴി 124 ,
കോഴിമുട്ട 6,
സവാള 50
മത്തി, അയില 200
പോത്തിറച്ചി 380
ആട്ടിറച്ചി 750
പഞ്ചസാര 40