പാലക്കാട്: അൺലോക്കിന്റെ ഭാഗമായി രാജ്യത്തെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്ന പശ്ചാത്തലത്തിൽ നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് ഒരു ട്രെയിൻ സർവീസ് റെയിൽവേയുടെ പരിഗണനയിൽ.
നേരത്തെ ആറ് പാസഞ്ചർ തീവണ്ടികൾ നിലമ്പൂരിൽ നിന്ന് പാലക്കാട്, ഷൊർണൂർ, കോട്ടയം എന്നിവിടങ്ങളിലേക്കായി സർവീസ് നടത്തിയിരുന്നു. കൂടാതെ നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാജറാണി എക്സ്പ്രസുമുണ്ടായിരുന്നു. ലോക്ക്ഡൗണിന് ശേഷം റൂട്ടിൽ ഒരു ട്രെയിനും ഓടിയില്ല.
അൺലോക്കിനെ തുടർന്ന് ഉത്തരേന്ത്യയിലടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ ഗതാഗതം ഭാഗികമായെങ്കിലും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതാണ് ഷൊർണൂർ- നിലമ്പൂർ റൂട്ടിലും പ്രതീക്ഷയുടെ ചൂളംവിളി ഉയരാനിടയാക്കിയത്. നേരത്തെ സജീവമായി സർവീസ് നടന്ന മേഖലകളിൽ ഒരു വണ്ടിയുമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നാണ് റെയിൽവേ നിലപാട്.
പരീക്ഷണ ഓട്ടം ഉടൻ
ആറുമാസത്തിന് ശേഷം സർവീസ് പുനഃരാരംഭിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ എണ്ണം അറിയാനായി പരീക്ഷണയോട്ടം നടത്താനാണ് ഇപ്പോഴത്തെ ആലോചന. രാവിലെ നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് അടക്കം ചില ട്രെയിനുകൾക്ക് കണക്ഷൻ കിട്ടുന്ന രീതിയിലാകും സമയം. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിൽ എത്തുന്ന വണ്ടിയുടെ കണക്ഷൻ വണ്ടിയായി നിലമ്പൂർക്ക് പുറപ്പെടും. ഇത് വലിയൊരു വിഭാഗം ആളുകൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
നിലമ്പൂരിൽ നിന്ന് തൃശൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകുന്നവർക്ക് ഇതുപകരിക്കും.