അമിത വേഗത്തിനും അശ്രദ്ധയ്ക്കും നടപടി ഉറപ്പ്
പാലക്കാട്: ദേശീയപാതയിൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള സ്പീഡ് ഡിറ്റക്ടീവ് ക്യാമറകളുടെ പ്രവർത്തന ക്ഷമത മോട്ടോർ വാഹന വകുപ്പ് ഉറപ്പാക്കിയതോടെ ട്രാഫിക് നിയമ ലംഘകർക്കെതിരെയുള്ള നടപടി കർശനമാകുമെന്ന് ഉറപ്പായി.
പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒയും കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒയും സംയുക്തമായി നടത്തിയ പരിശോധനയിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. എല്ലാ ക്യാമറകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ ക്യാമറകൾ കെൽട്രോൺ മുഖാന്തരം സൂക്ഷ്മ പരിശോധന നടത്തിയതാണ്. 37 ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് ക്യാമറകളാണുള്ളത്. ഇതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളുടെയും ദൃശ്യം, രജിസ്ട്രേഷൻ നമ്പർ, വേഗം എന്നീ വിവരം ഇതിലൂടെ അറിയാം.
പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വി.എ.സഹദേവൻ, കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കി, പാലക്കാട് ആർ.ടി.ഒ പി.ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കേസെല്ലാം ഓട്ടോമാറ്റിക്ക്
2,49,707
2019 ഏപ്രിൽ മുതൽ ഇതുവരെയുള്ള കേസ്
11 കോടി
പിഴ ഇനത്തിൽ ലഭിച്ച തുക.
70,000
കരിമ്പട്ടികയിൽ ഉൾപ്പെട്ട വാഹനങ്ങൾ.
50
ജില്ലയിലെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ.
ദേശീയപാതയിൽ കാറടക്കമുള്ള ചെറുവാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 100 കി.മീ.യും ബൈക്കുകൾക്ക് 85ഉം ആണ്. ജില്ലയിൽ പരിശോധനയും നടപടിയും കർശനമാക്കും.
-മോട്ടോർ വാഹന വകുപ്പ്.