പാലക്കാട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജാഗ്രത കൈവിട്ടാൽ ജില്ലയിൽ കൂടുതൽ ക്ലസ്റ്ററുകൾക്ക് സാദ്ധ്യത. നിലവിൽ 12 ക്ലസ്റ്ററുകൾ സജീവമാണ്. കഴിഞ്ഞ ദിവസം വ്യാപനം കണ്ടെത്തി കണ്ടെയ്ൻമെന്റ് സോണായ കൊടുവായൂരാണ് ഈ ലിസ്റ്റിൽ അവസാനത്തേത്.
വൻ സമൂഹ ക്ലസ്റ്റർ, പരിമിത സമൂഹ ക്ലസ്റ്റർ, സ്ഥാപന ക്ലസ്റ്റർ, അടച്ചുപൂട്ടിയ സമൂഹ ക്ലസ്റ്റർ എന്നിങ്ങനെ നാലുതരം ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. ആദ്യഘട്ടം മുതൽ ഇതുവരെ ജില്ലയിലാകെ 21 ക്ലസ്റ്ററുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ ഒമ്പതിടത്തെ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞു. ഇപ്പോൾ 12 ക്ലസ്റ്ററുകൾ സജീവമാണ്.
പട്ടാമ്പി മീൻ മാർക്കറ്റ്, മണ്ണാർക്കാട് മീൻ മാർക്കറ്റ്, പാലക്കാട് പച്ചക്കറി മാർക്കറ്റ്, മേപ്പറമ്പ് 48-ാം വാർഡ് എന്നിവയാണ് ജില്ലയിലെ വൻ സമൂഹ ക്ലസ്റ്ററുകൾ. ഷൊർണൂരിൽ പരിമിത സമൂഹ ക്ലസ്റ്റർ രൂപപ്പെട്ടു. യാക്കരയിലെ സ്വകാര്യാശുപത്രിയാണ് സ്ഥാപന ക്ലസ്റ്റർ വിഭാഗത്തിലുള്ളത്. ഒറ്റപ്പാലം സബ് ജയിൽ, കഞ്ചിക്കോട് അപ്നാ നഗർ, ടൗൺ സ്റ്റാന്റിന് സമീപത്തെ ജുവലറി എന്നിവയാണ് അടച്ചുപൂട്ടിയ സമൂഹ ക്ലസ്റ്ററുകൾ.
ആശ്വാസമായി രോഗമുക്തി
നിലവിൽ രോഗബാധിതരായ 2,208 പേരാണ് ചികിത്സയിലുള്ളത്. പത്തുദിവസത്തിനിടെ 2087 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. ആശങ്ക നിലനിൽക്കുമ്പോഴും രോഗമുക്തി മലബാറിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്.
14 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 1423 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.
ഒരാഴ്ചയായി പ്രതിദിന വർദ്ധന 200 മുകളിലാണ്. 21നാണ് അത് 200 ന് താഴെയെത്തിയത് (167). അതിന് മുമ്പുള്ള രണ്ടു ദിവസങ്ങളും അവധിയായതിനാൽ പരിശോധന കുറഞ്ഞതാണ് രോഗബാധിതർ കുറയാൻ കാരണം.
രോഗികളുടെ എണ്ണം കൂടുമ്പോഴും ജാഗ്രതകുറവ് പ്രകടമാണ്. കേസുകളുടെ എണ്ണം അത് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആകെ 705 പേർക്കെതിരെ മാസ്ക് ഇല്ലാത്തതിനാൽ കേസെടുത്തു.