കോട്ടയം: ജീവിതത്തിൽ ഒറ്റപ്പെട്ടു പോയെങ്കിലും ലക്ഷ്മി പ്രതീക്ഷ കൈവിട്ടിരുന്നില്ല. എന്നാൽ അമിതമായ പ്രമേഹം കഴിഞ്ഞ ഏപ്രിലിൽ ലക്ഷ്മിയുടെ ഒരു കലെടുത്തു. അതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. പക്ഷേ, ലക്ഷ്മി തളരാൻ തയ്യാറല്ല, മുറിച്ചു കളഞ്ഞ കാലിന്റെ സ്ഥാനത്ത് വെപ്പുകാൽ ലഭിച്ചിട്ട് വീണ്ടും തന്റെ തയ്യൽ തൊഴിൽ തുടരണം എന്നാണ് തീരുമാനം.
കാരാപ്പുഴ - തെക്കുംഗോപുരം റോഡരികിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കുടിലിലാണ് ഒറ്റക്കാലുമായി ലക്ഷ്മി വീൽചെയറിൽ കഴിയുന്നത്. 2013 മുതൽ റോഡരികിലെ ഈ കുടിലിലാണ് താമസം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാലിലെ ഒരു കറുത്ത പാടുമായി ജില്ലാ ജനറൽ ആശുപത്രിയിൽ ചികിൽസയ്ക്ക് ചെന്ന ലക്ഷ്മിയോട് പ്രമേഹം അമിതമായി കൂടിയെന്നും, കാൽ മുറിച്ചു കളയേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചത്. ഏപ്രിലിൽ ഒരു കാൽ മുറിച്ചുമാറ്റി.
തുടർന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ലഭിച്ച വീൽ ചെയറിലാണ് ലക്ഷ്മി റോഡരികിലെ തന്റെ കുടിലിൽ തിരികെ എത്തിയത്. വീൽചെയറിൽ നിന്നു പുറത്തിറങ്ങണമെങ്കിലും, ഭക്ഷണം കഴിക്കണമെങ്കിലും പരസഹായം വേണം.
ഒഴിയാതെ പ്രതിസന്ധികൾ
തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് ലക്ഷ്മി ജനിച്ചത്. സഹോദരിമാരുടെ വിവാഹത്തിനായി പിതാവ് വീട് വിറ്റതോടെ കിടപ്പാടമില്ലാതെയായി. 1975 ൽ നാട് വിട്ടു പോയ ഭർത്താവിനെ പിന്നെ കണ്ടിട്ടേയില്ല. തയ്യൽ ജോലി ചെയ്താണ് ഏക മകനെ വളർത്തിയത്. ഏഴു വർഷം മുൻപ് ഭാര്യയുടെ വീട്ടിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല.
ഇതാണ് പ്രതീക്ഷകൾ
ലൈഫ് പദ്ധതിയിൽ വീട് നൽകാമെന്ന് നഗരസഭ അറിയിച്ചു
ഭക്ഷണം നൽകുന്നതുൾപ്പെടെ നാട്ടുകാർ സഹായിക്കുന്നു
സർക്കാരിൽ നിന്ന് വിധവാ പെൻഷൻ ലഭിക്കുന്നുണ്ട്.
വൈകാതെ വെപ്പുകാൽ ലഭ്യമാക്കുമെന്ന് സന്നദ്ധ സംഘടന.