ബീജിംഗ്: വൈറസ് വുഹാനിൽ വികസിപ്പിച്ചെടുത്തതാണെന്ന കാര്യം മറച്ചുവയ്ക്കാൻ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നെന്ന് ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെങ്.
ഒരു അന്തർദ്ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു ലീയുടെ പുതിയ വെളിപ്പെടുത്തൽ. നേരത്തെ, കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന് ലി പറഞ്ഞിരുന്നു.
കൊവിഡ് വ്യാപനത്തെപ്പറ്റി ചൈനീസ് സർക്കാരിന് നേരത്തേ അറിവുണ്ടായിരുന്നു. വൈറസിന്റെ ഉറവിടം അന്വേഷിച്ചുള്ള ഗവേഷണത്തിൽ താനും പങ്കാളിയായിരുന്നുവെന്നും ഈ സമയത്താണ് ശരിയായ വിവരം മൂടിവെയ്ക്കുന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് ശ്രദ്ധയിൽപ്പെട്ടതെന്നും അവർ വ്യക്തമാക്കി.
'എന്റെ അനുഭവത്തിൽ നിന്നും ഇതുവരെയുള്ള അറിവുകളിൽ നിന്നും പറയട്ടെ, ലോകത്തെ മുഴുവൻ സ്വാധീനിക്കാനുള്ള പണവും ശക്തിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. അത് എത്രയെന്ന് നിങ്ങൾക്ക് ഊഹിക്കാനാവില്ല' - ലീ പറഞ്ഞു.