കറാച്ചി: ഉടമ പണം നൽകാത്തതിനെ തുടർന്ന് തുണിഫാക്ടറിക്ക് തീകൊളുത്തി 287 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതികളായ രണ്ടുപേർക്ക് പാക് ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. പാകിസ്ഥാനിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായി മാറിയ സംഭവമാണിത്.
2012 സെപ്തംബറിൽ ബാൽദിയ ഫാക്ടറിക്ക് തീകൊളുത്തിയ മുത്തഹിദ ഖൗമി മൂവ്മെന്റ് പ്രവർത്തകരായ സുബൈർ, അബ്ദുൽ റഹ്മാൻ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ആഭ്യന്തരമന്ത്രി റഊഫ് സിദ്ദീഖി അടക്കം നാലുപേരെ കോടതി വെറുതെവിട്ടു.
എം.ക്യു.എം പ്രവർത്തകർക്ക് സൗകര്യംചെയ്തു നൽകിയ നാല് ഗേറ്റ് കീപ്പർമാരെയും കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ വിധി പ്രഖ്യാപിച്ചിട്ടില്ല. ഫാക്ടറി സംരക്ഷിക്കാൻ ഉടമയിൽനിന്ന് 25 കോടി പാകിസ്ഥാൻ രൂപയാണ് എം.ക്യു.എം ആവശ്യപ്പെട്ടത്. ബാൽദിയ തീവെപ്പോടെ കറാച്ചിയിലും സിന്ധിലും ശക്തമായ സാന്നിദ്ധ്യമായിരുന്ന എം.ക്യു.എം പലതായി പിളരുകയും ശക്തിയല്ലാതായി മാറുകയും ചെയ്തു.