ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരസംഘടനകൾ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് അനധികൃതമായി ആയുധം കടത്തുന്നുവെന്ന് ജമ്മുകാശ്മീർ പൊലീസ്. എ.കെ 47പോലുള്ള ആയുധങ്ങൾ അതിർത്തി കടത്തുന്നതിനായാണ് പ്രധാനമായും ഡ്രോണുകളെ ആശ്രയിക്കുന്നതെന്നും ഇത്തരത്തിൽ കടത്തിയ ആയുധങ്ങൾ അഖ്നൂർ ജില്ലയിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് പ്രസ്താവനയിൽ പറയുന്നു. പുൽവാമ ഭീകരാക്രമണത്തിൽ മുഖ്യപങ്കാളിത്തം വഹിച്ച ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ സാന്നിദ്ധ്യമാണ് ഇതിന് പിന്നിലെന്നും അവർ പറയുന്നു. പൊലീസിന്റെ പതിവ് നിരീക്ഷണത്തിനിടെ ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ട റൈഫിളുകളും ഒരു തോക്കും മൂന്ന് എ.കെ മാഗസിൻസും 90 വെടിയുണ്ടകളും സദ് സൊഹാൽ ഗ്രാമ പ്രദേശത്തുനിന്ന് കണ്ടെത്തി. അതിർത്തിയിൽ നിന്ന് 12 കിലോ മീറ്റർ മാത്രം ദൂരമുള്ള അഖ്നൂർ ഗ്രാമത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും വ്യാപകമായി എത്തിയതിന് പിന്നിലും ഡ്രോണുകളുടെ സാന്നിദ്ധ്യമുണ്ടെന്നും അതിർത്തി സുരക്ഷാ സേന പറയുന്നു.